X
    Categories: keralaNews

പി.എസ്.സിയെ പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനാക്കിയെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ

തിരുവനന്തപുരം : എകെജി സെന്ററിലേക്ക് നിയമനം നടത്തുന്നതുപോലെയാണ് സര്‍ക്കാരിലേക്ക് നിയമനം നടത്തുന്നതെന്നും റാങ്ക് ലിസ്റ്റുകളുടെ ശവപറമ്പായി കേരളത്തെ മാറ്റിയെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനെ പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനാക്കിയെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. വിവിധ ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ വാതിലുകള്‍ കയറിയിറങ്ങുന്നു. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടേയും ചിറ്റപ്പന്‍മാര്‍ മന്ത്രിമാരല്ലാത്തത് അവരുടെ തെറ്റല്ലെന്നും ഷാഫി പറഞ്ഞു.
സ്വപ്നയ്ക്ക് വേണ്ടി നടപടി ക്രമങ്ങള്‍ അട്ടിമറിച്ചു. 318000 രൂപയാണ് സര്‍ക്കാര്‍ സ്വപ്നയെ പോറ്റാനായി ചെലവഴിച്ചത്. പി.എസ്.സിക്ക് വിട്ട ലൈബ്രറി കൗണ്‍സിലില്‍ വരെ പിന്‍വാതില്‍ നിയമനം നടക്കുന്നു. ലൈബ്രറി കൗണ്‍സിലിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് വേണ്ടി ഹാജരായ ആളെ അഡ്വക്കേറ്റ് ജനറലാക്കി. നിയമ ധനകാര്യ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്ന് ക്യാബിനറ്റ്അംഗീകാരത്തോടെയാണ് പിന്‍വാതില്‍ നിയമനം. ചെറുപ്പക്കാര്‍ക്ക് വേണ്ടി മൗനപ്രാര്‍ത്ഥന എങ്കിലും നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: