ബംഗളൂരു: യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ രാജ്ഭവന് മുമ്പില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയതിനാണ് അറസ്റ്റ്. ഷാഫിക്കൊപ്പം മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസും ജെ.ഡി.എസും രംഗത്തെത്തിയിട്ടുണ്ട്. വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമക്കു മുന്നില്‍ നേതാക്കള്‍ പ്രതിഷേധ ധര്‍ണ നടത്തുകയാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.സി.വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈഗള്‍ട്ടന്‍ റിസോര്‍ട്ടിലുള്ള കോണ്‍ഗ്രസിന്റെ 76 എം.എല്‍.എമാരേയും വിധാന്‍ സൗധക്ക് മുന്നിലെത്തിച്ചു. 118 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആ 11 പേര്‍ ഞങ്ങളോടൊപ്പമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു.
കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന കര്‍ണാടകയിലെ എം.എല്‍.എമാര്‍ ഒറ്റ രാത്രി കൊണ്ട് മറുകണ്ടം ചാടിയെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന ആരോപണം. ഈ ആരോപണത്തിന് മറുപടിയുമായി തങ്ങള്‍ക്കൊപ്പമുളള മുഴുവന്‍ എം.എല്‍.എമാരെയും റോഡിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം.