X

ടി.സിദ്ദിഖിന്റെ ത്യാഗത്തെ രാഹുല്‍ ഗാന്ധി പരിഗണിച്ച വിധം പരിചയപ്പെടുത്തി ശാഫി പറമ്പില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ടി.സിദ്ദിഖിനെ കണ്ട മാത്രയില്‍ രാഹുല്‍ ഗാന്ധി കൂടെയുണ്ടായിരുന്ന പ്രിയങ്ക ഗാന്ധിക്ക് ഇങ്ങനെ പരിചയപ്പെടുത്തി: ഏറ്റവും നല്ല ചുമതലാ ബോധത്തോടെ ജോലി ചെയ്യുന്ന, മികച്ച ഡി.സി.സി പ്രസിഡന്റുമാരില്‍ ഒരാളാണിത്. തുടര്‍ന്ന് സിദ്ദിഖിനോട് ചേര്‍ന്നുനിന്ന് ഒരു ഫോട്ടോയെടുക്കണമെന്ന ആവശ്യമുയര്‍ത്തി രാഹുല്‍ ഗാന്ധി. അതേ പ്രകാരം സിദ്ദിഖ് ക്യമറയില്‍ പകര്‍ത്താന്‍ തുനിഞ്ഞെങ്കിലും ഫോണ്‍ ഓഫായി. ഉടനെ രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധിയോട് ഫോണില്‍ തന്റെയും സിദ്ദിഖിന്റെയും ഫോട്ടോ പകര്‍ത്താന്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി ടി. സിദ്ദിഖിനെ പരിഗണിച്ച വിധവും പ്രിയങ്കക്കു പരിചയപ്പെടുത്തിയ കാര്യവും പുറത്തു കൊണ്ടു വന്നിരിക്കുകയാണ് ശാഫി പറമ്പില്‍ എം.എല്‍.എ. തന്റെ ഫെയ്‌സ്ബുക്കിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. രാഹുലിനെയും സിദ്ദിഖിനെയും ഫോട്ടോയെടുക്കുന്ന പ്രിയങ്കയുടെ ഫോട്ടോക്കൊപ്പമാണ് ശാഫി പറമ്പില്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയത്.

ശാഫി പറമ്പിലിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയങ്കയുടെ ഫ്രെയിമില്‍ രാഹുലിനൊപ്പം സിദ്ധീഖ് .

ഫ്രെയിമില്‍ മാത്രമാവില്ല സിദ്ധിഖാ അവരുടെ ഹൃദയത്തിലും നിങ്ങള്‍ക്കൊരു ഇടമുണ്ടാവും .
കേരളത്തിലെ ലക്ഷകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സിലും നിങ്ങള്‍ ഉയര്‍ന്ന് നില്‍ക്കും .

കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് എല്ലാ നേതാക്കന്മാരുടെയും മുന്നില്‍ സിദ്ധിഖിനെ പ്രിയങ്കക്ക് രാഹുല്‍ ഗാന്ധി പരിചയപ്പെടുത്തി “One of the best DCC president and committed worker”.രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ച ശേഷം എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുത്ത ശേഷം അദ്ദേഹം പറഞ്ഞു ഞാനും സിദ്ധീഖും തനിച്ചൊരെണ്ണം എടുക്കാമെന്ന് . അത് പകര്‍ത്തുന്നതിനിടയില്‍ സിദ്ധിഖിന്റെ ഫോണ്‍ ഓഫായി പോയി . ഉടനെ രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ ഫോണില്‍ തന്റെയും സിദ്ധീഖിന്റെയും ഫോട്ടോ പകര്‍ത്താന്‍ പറഞ്ഞു . രാഹുല്‍ ഗാന്ധിയുടെ സന്തത സഹചാരി പകര്‍ത്തിയ ചിത്രമാണിത് .

സിദ്ധിഖ് എംപി യും എം എല്‍ എ യുമൊന്നും ആയിട്ടില്ല . കാസര്‍കോട്ടെ വിജയത്തോളം പോന്ന പരാജയം വലിയൊരു പോരാട്ടം തന്നെയായിരുന്നു . ഇപ്പൊ വയനാട് പോലൊരു സീറ്റില്‍ നിന്ന് മാറി നില്‍ക്കാന്‍ പറയുമ്പോഴും ഏതൊരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും കൊതിക്കുന്ന അംഗീകാരം എന്ന് പറഞ്ഞ് പിന്നെയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് സജീവമായി നില്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നത് പോലെ അധികമാളുകള്‍ക്ക് കഴിയില്ല . ബൂത്ത് പ്രസിഡന്റായാലും DCC പ്രസിഡന്റായാലും സിദ്ധിഖിനിണങ്ങുന്ന വിശേഷണം രാഹുല്‍ ഗാന്ധി പറഞ്ഞത് തന്നെയാണ് .. One of the best and most committed . അത് തന്നെയാണ് കേരളത്തിലെ ലക്ഷക്കണക്കിന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും പറയാനുണ്ടാവുക.

web desk 1: