X

‘എല്ലാ ദിവസവും ആളെ കൊല്ലലാണോ ഒറ്റപ്പെട്ട സംഭവം’; മുഖ്യമന്ത്രിയോട് ഷാഫി പറമ്പില്‍

തിരുവനന്തപുരം: നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡിമരണം, ഇതേ സ്‌റ്റേഷനില്‍ ഓട്ടോ െ്രെഡവര്‍ ഹക്കീമിനെ മര്‍ദ്ദിച്ച സംഭവം, ബുധനാഴ്ച കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ പൊലീസ് നടപടി എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പിലാണ് പൊലീസ് മര്‍ദ്ദനത്തിനെതിരെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ ഒരേ വിഷയം ആവര്‍ത്തിച്ച് പ്രതിപക്ഷം നിരന്തരം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുന്നുവെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നോട്ടീസില്‍ ഉന്നയിച്ചത് പുതിയ വിഷയമാണെന്ന് പ്രതിപക്ഷേനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ ഷാഫി പറമ്പലിന് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി.

കൃത്യമായ ഇടവേളകളില്‍ ആളെ കൊല്ലുന്നത് കേരള പൊലീസ് നിര്‍ത്തണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഭാര്യ പരാതി നല്‍കിയാല്‍ എതിര്‍സ്ഥാനത്തുള്ള ഭര്‍ത്താവിനെ പോലീസിന് തല്ലാം എന്നാണ് ഒരു മന്ത്രി തന്നെ പറഞ്ഞത്. പൊലീസ് മര്‍ദ്ദനവും മറ്റു വീഴ്ചകളും ഒറ്റപ്പെട്ട സംഭവമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാ ദിവസവും ആളെ കൊല്ലുന്നതിനെയാണോ ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നതെന്നും എം.എല്‍.എ ചോദിച്ചു.

പൊലീസിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടല്‍ കാരണം 38 പേരാണ് കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ കൊല്ലപ്പെട്ടത്. ഇടുക്കിയിലെ പൊലീസ് കേരള പൊലീസിന്റെ ഭാഗമല്ലേ ? ആഭ്യന്തര വകുപ്പ് ഇടുക്കിയില്‍ പ്രത്യേക ബ്രാഞ്ച് തുടങ്ങിയോ. അതോ അവിടുത്തെ പൊലീസ് കാര്യത്തിന് പ്രത്യേക സഹമന്ത്രിയെ വച്ചോ? നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ഇപ്പോഴത്തെ ഇടുക്കി എസ്പിക്ക് കൃത്യമായ പങ്കുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ക്രൂരമായ മര്‍ദ്ദനത്തിന് രാജ്കുമാറിനെ വിധേയനാക്കിയത്.

ഗുരുതര ആരോപണം നേരിടുന്ന ഇടുക്കി എസ്പിയെ പക്ഷേ സ്ഥലം മാറ്റാന്‍ പോലും ഇതുവരെ ഈ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വൈദ്യുതി മന്ത്രി എംഎം മണി ഒരു വിവാഹ വീട്ടില്‍ വച്ച് ഇടുക്കി എസ്പിയുമായി കൂടിക്കാഴ്ച നടത്തി. വിവാദനായകനായ ഈ എസ്പിയെ സര്‍ക്കാര്‍ പുറത്താക്കണം. നിയമവ്യവസ്ഥ പിന്തുടര്‍ന്ന് വേണം കേരള പൊലീസ് പ്രവര്‍ത്തിക്കാന്‍ അല്ലാതെ പാര്‍ട്ടി കോടതിയുടെ നടപടികള്‍ നടപ്പാക്കാനല്ല ഇവിടെ പൊലീസ്. കേരള പൊലീസിന്റെ ഭാഗത്ത് നിന്നും നിരന്തരമായി ഉണ്ടാവുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

പൊലീസ് സേനയിലെ അരുതായ്മകള്‍ കണ്ടെത്തി യഥാസമയം സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഴപ്പക്കാരായ 12 പൊലീസുകാരെ ഇതിനോടകം ഈ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

chandrika: