X

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം പിഎസ്‌സി നടപ്പിലാക്കിയതിന്റെ ഇരയാണ് അനു; ഷാഫി പറമ്പില്‍ എംഎല്‍എ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നടപ്പിലാക്കാനുള്ള പിഎസ്‌സിയുടെ രാഷ്ട്രീയ വിധേയത്വത്തിന്റെ ഇരയാണ് ആത്മഹത്യ ചെയ്ത അനുവെന്ന ചെറുപ്പക്കാരനെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ.

ബക്കറ്റില്‍ തൊഴില്‍ എടുത്ത് വെച്ചിട്ടില്ലായെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സര്‍ക്കാരും, പിഎസ്‌സിയും തന്നെയാണ് അനുവിന്റെ മരണത്തിനുത്തരവാദി. കേരളം മുഴുവന്‍ അതിശക്തമായ പ്രതിഷേധ സമരങ്ങളുമായി, അനുവിനു നീതി തേടി യൂത്ത് കോണ്‍ഗ്രസ്സ് ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

കഷ്ടപ്പെട്ട് പഠിച്ച് മെയിന്‍ ലിസ്റ്റില്‍ 77ാമത് റാങ്കുകാരാനായി എത്തിയ ചെറുപ്പക്കാരന്‍ സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തിന്റെ പേരില്‍ മാത്രമാണ് ജീവനൊടുക്കേണ്ടി വന്നത്. മുഖ്യമന്ത്രിയുടേയും പിഎസ്‌സി ചെയര്‍മാന്റേയും ധാര്‍ഷ്ട്യത്തിന്റെ ഇരയാണ് അനു.

സിവില്‍ എക്‌സൈസ് ഓഫീസറുടെ റാങ്ക് പട്ടികയിലേക്ക് ഈ ചെറുപ്പക്കാരന്‍ കുറുക്കുവഴിയിലൂടെയും പിന്‍വാതിലിലൂടെയും കടന്നുവന്നതല്ല. പഠിച്ചു പാസായി കഷ്ടപ്പെട്ട് അധ്വാനിച്ചു കടന്നുകയറിയതാണ്. ആ ചെറുപ്പാക്കരനെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടുപ്രതി പിഎസ്‌സി ചെയര്‍മാനുമാണ്.

റാങ്ക് ലിസ്റ്റ് നീട്ടി നല്‍കണമെന്ന് കേരളത്തിലെ മാധ്യമങ്ങളടക്കം നിരന്തരം ആവശ്യപ്പെട്ടതാണ്. എന്നാല്‍ ധിക്കാരമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. റാങ്ക് ലിസ്റ്റിന് കുറച്ചുകൂടി കാലാവധി നല്‍കിയിരുന്നെങ്കില്‍ ആത്മഹത്യ ചെയ്ത അനു ഉള്‍പ്പടെയുള്ള നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്നെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Test User: