പത്തനംതിട്ട: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഷാഫി കൂടുതല്‍ സ്ത്രീകളെ സമീപിച്ചിരുന്നതായി വിവരം. ലോട്ടറി വില്‍പ്പനക്കാരോ തെരുവില്‍ കച്ചവടം ചെയ്ത് ജീവിക്കുന്നവരോ ആയ ഒറ്റപ്പെട്ട സ്ത്രീകളെയാണ് സമീപിച്ചിരുന്നത്. ഇവരില്‍ ആരെങ്കിലും ചൂഷണത്തിന് വിധേയരാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. സമീപ കാലങ്ങളിലായി കാണാതായ സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് തീരുമാനം.
അതേസമയം ഇലന്തൂരില്‍ മൂവര്‍ സംഘം ചേര്‍ന്ന് നടത്തിയ നരബലികളില്‍ ആദ്യം കൊല്ലപ്പെട്ടത് കാലടി സ്വദേശിനിയായ റോസ്‌ലിനെന്ന് വിവരം. കഴിഞ്ഞ ജൂണിലാണ് റോസ്‌ലിനെ കൊലപ്പെടുത്തിയത്. എന്നാല്‍ കടവന്ത്ര സ്വദേശി പത്മത്തിന്റെ തിരോധാനാവുമായി നടത്തിയ അന്വേഷണത്തില്‍ മാത്രമാണ് റോസ്്‌ലിന്‍ കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. പൊലീസ് പിടിയിലായ വ്യാജ സിദ്ധന്‍ ഷാഫിയാണ് രണ്ട് കൊലപാതകങ്ങളും ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ശ്രീദേവി എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ നാട്ടു വൈദ്യനും തിരുമ്മല്‍ വിദഗ്ധനുമായ ഭഗവല്‍സിങുമായി അടുത്തത്.
സ്ത്രീയാണെന്ന വ്യാജേന ഭഗവല്‍ സിങുമായി നിരന്തരം നടത്തിയ ചാറ്റുകളിലാണ്, തന്റെ അറിവില്‍ റഷീദ് എന്ന ഒരു സിദ്ധനുണ്ടെന്നും അയാളെ കണ്ടാല്‍ കുടുംബത്തിന് സാമ്പത്തികാഭിവൃദ്ധി ലഭിക്കാനുള്ള വഴികള്‍ പറഞ്ഞു തരുമെന്നും ധരിപ്പിച്ചത്. തുടര്‍ന്ന് റഷീദ് എന്ന സിദ്ധനായി ഷാഫി തന്നെ ഭഗവല്‍ സിങിനെ ഫോണില്‍ വിളിച്ച് ചില ആഭിചാര ക്രിയകള്‍ നിര്‍ദേശിച്ചു. ആഭിചാരത്തിനായി ഭഗവല്‍ സിങിന്റെ വീട്ടിലെത്തിയ ഷാഫി ഇവരുമായി അടുക്കുകയും സാമ്പത്തികാഭിവൃദ്ധി ഉണ്ടാവുമെന്ന് ധരിപ്പിച്ച് ഭഗവല്‍ സിങിന്റെ സാന്നിധ്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ലൈലയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പൂജയുടെ ഭാഗമാണ് ഇതെല്ലാമെന്നാണ് ഷാഫി ഇവരെ ധരിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് സാമ്പത്തികാഭിവൃദ്ധി ലഭിക്കാന്‍ ഒരു സ്ത്രീയെ നരബലി നടത്തണമെന്ന് ഷാഫി ഇവരോട് ആവശ്യപ്പെട്ടത്. സ്ത്രീയെ താന്‍ തന്നെ എത്തിച്ചു തരാമെന്നും ഇയാള്‍ പറഞ്ഞു. ഇത്തരത്തില്‍ ഗുണമുണ്ടായ ആളാണ് ശ്രീദേവിയെന്നും ഇയാള്‍ ധരിപ്പിച്ചു. ഇത് ഉറപ്പാക്കാന്‍ ഭഗവല്‍സിങ് ശ്രീദേവിയുമായി ഫേസ്ബുക്കില്‍ ചാറ്റു ചെയ്തു. ശ്രീദേവി ഇത് ശരിവച്ചതോടെ നരബലിക്ക് തീരുമാനം എടുക്കുകയായിരുന്നു. എന്നാല്‍ ശ്രീദേവി ആയി ചാറ്റു ചെയ്തത് ഷാഫിയാണെന്ന് അപ്പോഴും ഭഗവല്‍സിങ് അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്ന് പറഞ്ഞാണ് ഷാഫി കാലടി സ്വദേശിനിയായ റോസ്‌ലിനെ സമീപിച്ചത്. പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിച്ച് അഭിനയത്തിന്റെ ഭാഗമെന്ന് പറഞ്ഞ് കസേരയില്‍ കെട്ടിയിട്ടു. തുടര്‍ന്ന് ലൈലയെക്കൊണ്ട് റോസ്‌ലിന്റെ കഴുത്തറുപ്പിച്ചു. പിന്നീട് കത്തി സ്വകാര്യ ഭാഗങ്ങളില്‍ കുത്തിയിറക്കി പുറത്തേക്കൊഴുകുന്ന രക്തം പാത്രത്തി ല്‍ ശേഖരിച്ച് വീട്ടില്‍ തളിച്ചു. രണ്ടര ലക്ഷം രൂപ പ്രതിഫലവും കൈപറ്റിയാണ് ഷാഫി മടങ്ങിയത്. ഇതിനു ശേഷം സാമ്പത്തികാഭിവൃദ്ധി കൈവന്നില്ലെന്ന് ഭഗവല്‍സിങ് പരാതി പറഞ്ഞതോടെയാണ് ആദ്യ നരബലി വഴി കുടുംബത്തിനു മേലുള്ള ശാപം നീങ്ങിയെന്നും രണ്ടാമതൊരു നരബലി കൂടിനടത്തിയാല്‍ സാ മ്പത്തികാഭിവൃദ്ധി കൈവരുമെന്നും ധരിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് കടവന്ത്ര സ്വദശിയായ പത്മത്തെ കൊലപ്പെടുത്തിയത്. സിനിമയില്‍ അഭിനിപ്പിക്കാമെന്നും പത്തുലക്ഷം രൂപ നല്‍കാമെന്നും പറഞ്ഞാണ് പത്മത്തേയും ഷാഫി കൂട്ടിക്കൊണ്ടുവന്നത്. തലക്കടിച്ച് ബോധരഹിതയാക്കിയ ശേഷം റോസ്‌ലിന്റെതിനു സമാനമായി കസേരയില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊല്ലുകയും സ്വകാര്യ ഭാഗങ്ങളില്‍ കത്തിയിറക്കി രക്തം ശേഖരിച്ച് വീട്ടില്‍ തളിക്കുകയും ചെയ്തു. ഇതിനു ശേഷവും സമീപ വാസികള്‍ക്ക് പോലും സംശയം തോന്നാത്ത വിധമാണ് ദമ്പതികള്‍ ഇലന്തൂരിലെ വീട്ടില്‍ കഴിഞ്ഞിരുന്നത്.