X

ഷഫീഖിനും സഹോദരങ്ങള്‍ക്കും വലിയ സന്തോഷത്തിന്റെ ചെറിയ പെരുന്നാള്‍

ചെറിയ പെരുന്നാള്‍ ദിനത്തില്‍ കുഞ്ഞു ഷെഫീഖിന്റെ മനം നിറഞ്ഞു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പെരുമ്പിള്ളിച്ചിറയും തൊടുപുഴ അല്‍ഫിത്‌റ ഇസ്ലാമിക് പ്രീ സ്‌കൂളും ചേര്‍ന്ന് മൈലക്കൊമ്പ് മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷനില്‍ ഒരുക്കിയ പെരുന്നാള്‍ സമാഗമം 2017 ആദ്യമായി സഹോദരങ്ങളായ അസ്‌നി, ശെഫിന്‍, ഷെഫീഖ്, ആഷിഖ് എന്നിവരുടെ കൂടിച്ചേരലിന് വേദിയായി.

മലയാളി മനസ്സുകളെ ഏറെ നൊമ്പരപ്പെടുത്തിയ ഷഫീഖിനും സഹോരങ്ങള്‍ക്കും ഇത്തവണത്തെ ഈദുല്‍ഫിത്ര്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായി. മറ്റുള്ളവരോട് സംസാരിക്കാനായില്ലെങ്കിലും ഷഫീഖ് സഹോദരങ്ങളുടെ സ്‌നേഹ സാമിപ്യത്തില്‍ ഏറെ സന്തോവാനായിരുന്നു. രണ്ടാനമ്മയുടെ ക്രൂര പീഡനത്തിനിരയായ ഷഫീഖ് ഇപ്പോഴും അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിലാണുള്ളത്. മൂത്ത സഹോദരങ്ങളായ അസ്‌നിയും ഷെഫിനും മുവാറ്റുപുഴ രണ്ടാര്‍കര യതീംഖാനയിലാണ്. ഇളയ സഹോദരന്‍ ആഷിഖ് തൊടുപുഴ മൈലക്കൊമ്പ് മര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷനിലും. ആദ്യമായിട്ടായിരുന്നു നാലുപേരും സംഗമിക്കുന്നത്.

മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷനില്‍ സംഘടിപ്പിച്ച പെരുന്നാള്‍ സമാഗമത്തിനായി രാവിലെ 12 മണിയോടെ അസ്‌നിയും ഷെഫിനുമെത്തി. ആയ രാഗിണിക്കൊപ്പം ഷെഫീഖെത്തി. പൂക്കള്‍ നല്‍കിയും അത്തര്‍ പൂശിയും ആഷിഖും മദര്‍ ആന്റ് ചൈല്‍ഡിലെ അന്തേവാസികളും ചേര്‍ന്ന് ഹൃദ്യമായി സ്വീകരിച്ചു. ബാന്റു മേളവും മാപ്പിളപ്പാട്ടുമൊക്കെയായി മദറിലെ കുട്ടികള്‍ ആഘോഷം കൊഴുപ്പിച്ചു. സംഘാടകര്‍ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയുമുണ്ട് മടങ്ങുമ്പോള്‍ ഷഫീഖിന്റെ ചിരിക്കുന്ന മുഖം എല്ലാവരുടെ മനസ്സിലും മായാതെ നിന്നു. മൈലക്കൊമ്പ് ദിവ്യ രക്ഷാലയത്തിലെ ഇരുന്നൂറോളം അന്തേവാസികള്‍ക്കും പെരുന്നാള്‍ സദ്യ നല്‍കി.

പെരുന്നാള്‍ സമാഗമത്തില്‍ കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ല്യൂ.സി ചെയര്‍മാന്‍ പി.ജി .ഗോപാലകൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. ഫാ.ഫ്രാന്‍സീസ് ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എം.എ ഷുക്കൂര്‍, മുഹമ്മദ് ഇരുമ്പ്പാലം, രണ്ടാര്‍കര മീരാന്‍ മൗലവി, ജയിംസ് ചെട്ടിപ്പറമ്പില്‍, അഡ്വ.സണ്ണി തോമസ്, സിസ്റ്റര്‍ മെല്‍വിന്‍, ജോഷി മാത്യൂ, നിസാറുദ്ദീന്‍ ഖത്തര്‍, ജനപ്രതിനിധികാളായ മനോജ് തങ്കപ്പന്‍, കെ.വി.ജോസ് കീരിക്കാട്ട്, സിനോജ്, കെ.ജി.സിന്ധുകുമാര്‍, ജയിംസ് ചാക്കോ, സിജു.ഒ.പി, ഉഷ രാജശേഖരന്‍, ഷെമീന നാസര്‍, ബീമ അസ്സീസ്, അഡ്വ. ഇ.എസ് മൂസ, സലിം കൈപ്പാടം, ഉമ്മര്‍.കെ.കെ, ഷബീബ് .കെ.ഐ, എം.യു.ജമാല്‍, അജാസ് പുത്തന്‍പുര, ഷുക്കൂര്‍ മലയില്‍ എന്നിവര്‍ പങ്കെടുത്തു.

chandrika: