ഷഫീക് സുബൈദ ഹക്കീം (Faceboo)
തട്ടമിടാത്തതിനാല്‍ ഷാനിമോള്‍ ഉസ്മാനെ മുസ്ലീങ്ങള്‍ തോല്‍പ്പിച്ചു എന്ന വാദം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. കിത്താബ് എന്ന നാടകത്തിലൂടെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ റഫീഖ് മംഗലശ്ശേരി അടക്കമുള്ളവര്‍ മുന്നോട്ട് വെച്ച ഒരു വാദമാണ് ഇത്.
വാസ്തവമെന്താണ്?
2011ലെ സെന്‍സസ് കണക്കുള്‍ പ്രകാരം ആലപ്പുഴ ജില്ലയിലെ ആകെ മുസ്ലീം ജനസംഖ്യ 10.55 ശതമാനം മാത്രമാണ്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ 7 നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആലപ്പുഴ ലോകസഭാ മണ്ഡലം.
ഷാനിമോള്‍ ഉസ്മാന് 4,35,496 വോട്ട് നേടിയപ്പോള്‍ എം.എം ആരിഫ് 4,45,970 വോട്ട് നേടി. 10474 (0.96%) വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആരിഫ് ജയിച്ചു.
ആരിഫ് ലീഡ് ചെയ്ത മണ്ഡലങ്ങള്‍:
ചേര്‍ത്തല 16895 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 2.97%
കായംകുളം 4297 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 30.07%
ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള കായംകുളത്തില്‍ നിന്ന് കേവലം 4297 ലീഡ് ചെയ്യാനാണ് ആരിഫിന് കഴിഞ്ഞത്. ഏറ്റവും കുറവ് മുസ്ലീം ജനസംഖ്യയുള്ള ചേര്‍ത്തലയില്‍ നിന്നുള്ള വോട്ടുകളാണ് ആരിഫിനെ ജയിപ്പിക്കുന്നത്. ഇത് രണ്ടും പ്രകടമായ സി.പി.ഐ.എം ബെല്‍ടുകളായ മണ്ഡലങ്ങളാണ്.
ഇതില്‍ രണ്ടിലും മുസ്ലീം ഫാക്ടര്‍ പ്രവര്‍ത്തിച്ചിട്ടില്ല എന്ന് വ്യക്തം.
ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്ത മണ്ഡലങ്ങള്‍:
അരൂര്‍: 648 വോട്ടിന്‌റെ ലീഡ്. മുസ്ലീം ജനസംഖ്യ 14.30%
അമ്പലപ്പുഴ: 638 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 19.85%
കരുനാഗപ്പള്ളി: 4780 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 25.49%
ഹരിപ്പാട്: 5844 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 8.12
ആലപ്പുഴ: 69 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 23.62
ഇതിലെവിടെയാണ് തട്ടമിടാത്ത ഷാനിമോള്‍ ഉസ്മാനെ മുസ്ലീങ്ങള്‍ കയ്യൊഴിഞ്ഞുവെന്ന് അവകാശപ്പെടാന്‍ സാധിക്കുന്നത്?
ഹിന്ദു കണ്‍സോളിഡേഷന്‍:
ശ്രദ്ധിക്കേണ്ട ഒരു കാര്യം ആലപ്പുഴ മണ്ഡലത്തില്‍ ബി.ജെ.പിക്കുണ്ടായ വളര്‍ച്ചയാണ്. 7 മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വോട്ട് കുതിച്ചുയര്‍ന്നിട്ടുണ്ട് എന്ന് കാണാന്‍ സാധിക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥി രാധാകൃഷ്ണന്‍ 1,87,729 വോട്ട് നേടി. ബി.ജെ.പിക്ക് 1,44,678 വോട്ടുകളാണ് അധികമായി ലഭിച്ചിരിക്കുന്നത്. യു.ഡു.എഫിന് മാത്രം 27,029 വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് കാണിക്കുന്നത് ആലപ്പുഴയിലെ വോട്ട് ഒഴുക്കുകള്‍ എങ്ങോട്ടാണ് എന്നാണ്. മുസ്ലീം മതവിശ്വാസികളായ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ ചൂണ്ടിക്കാണിച്ചും വര്‍ഗീയത പറഞ്ഞും വന്‍ തോതിലുള്ള ഹിന്ദു കണ്‍സോളിഡേഷന് ബി.ജെ.പിക്ക് സാധിച്ചു എന്നത് ഇതില്‍ വ്യക്തമാണ്. മുസ്ലീങ്ങളുടെ വോട്ടുകള്‍ ഇരുമുന്നണികള്‍ക്കുമായി വിഭജിക്കപ്പെട്ടപ്പോള്‍, ഷാനിമോള്‍ ഉസ്മാനെ വിജയിപ്പിക്കാന്‍ തക്ക വിധത്തില്‍ കോണ്‍ഗ്രസിലെ വോട്ടുകള്‍ ഉണ്ടായില്ല എന്നതാണ് പരാജയ കാരണമായി വിലയിരുത്താന്‍ സാധിക്കുന്നത്. പ്രസ്തുത വോട്ടുകള്‍ പ്രകടമായി തന്നെ രാധാകൃഷ്ണന് മറിഞ്ഞിരിക്കുന്നു.
ഇത് ആര്‍ക്കും പരിശോധിക്കാന്‍ തന്നെ തോന്നാതിരിക്കുകയും മുസ്ലീമായ ഷാനിമോള്‍ ഉസ്മാന്റെ പരാജയകാരണം കേവലം 10 ശതമാനം മാത്രം ജനസംഖ്യവരുന്ന മുസ്ലീങ്ങളുടെ ചുമലില്‍ കയറ്റിവെക്കുകയുമാണ് റഫീഖ് മംഗലശ്ശേരി അടക്കമുള്ളവര്‍ ചെയ്തിരിക്കുന്നത്. തനി വംശീയമായ സമീപനങ്ങളാണ് ഇവര്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.