കൊച്ചി: സുപ്രിംകോടതി വിധി പ്രകാരം രണ്ടു യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ നടത്തുന്ന സംഘപരിവാര്‍ സംഘടനകള്‍ വന്‍ കലാപത്തിനും കോപ്പു കൂട്ടുന്നതായി സൂചന. വധഭീഷണി അടക്കമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ കൊച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
കയ്യും വെട്ടും, കാലും വെട്ടും തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രവര്‍ത്തകര്‍ പൊതുവേ ട്രാഫിക്ക് ബ്ലോക്കുള്ള നഗരത്തിലെ ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിക്കുകയും ചെയ്തു. ഒരു വരിയില്‍ പോവേണ്ട ആളുകള്‍ മാത്രമാണ് പ്രകടത്തിന് ഉണ്ടായിരുന്നതെങ്കിലും വാഹനങ്ങള്‍ കടത്തി വിടാതെ രണ്ടു വരി റോഡിലും പ്രവര്‍ത്തകര്‍ പ്രകടനവുമായി നീങ്ങി. മുന്‍നിരയിലെ നേതാക്കള്‍ ശരണം വിളികള്‍ ഉയര്‍ത്തിയപ്പോഴാണ് പിന്‍നിരയില്‍ നിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉണ്ടായത്. പ്രകടനത്തിന് മുന്നിലും പിന്നിലും അകമ്പടി സേവിച്ച പൊലീസുകാര്‍ കാഴ്ച്ചക്കാരാവുകയും ചെയ്തു. കച്ചേരിപ്പടിയില്‍ മണിക്കൂറുകളോളം റോഡില്‍ കുത്തിയിരുന്നും സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവിടെ പൊലീസിന് നേരെയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹത്തോട് പോലും പ്രകടനക്കാര്‍ ആദരവ് കാണിച്ചില്ല. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ടൗണ്‍ ഹാളിന് മുന്നിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വധഭീഷണി അടക്കമുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. പ്രതിഷേധത്തിന്റെ മറവില്‍ കൊച്ചിക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ തുടങ്ങിയ ഇടങ്ങളിലും വ്യാപകമായ ആകമണങ്ങളുണ്ടായി.
അതേസമയം വരും ദിവസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ വലിയ ആക്രമണങ്ങള്‍ ഉണ്ടാവുമെന്നാണ് ശബരിമല കര്‍മ്മ സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ നല്‍കുന്ന സൂചന. യുവതി പ്രവേശനത്തിന് വഴിയൊരുക്കിയത് സര്‍ക്കാരാണെന്നും ഈ ചതിക്ക് ശക്തമായ മറുപടിയുണ്ടാവുമെന്നുമായിരുന്നു സമിതി നേതാവ് എസ്.ജെ.ആര്‍ കുമാറിന്റെ പരാമര്‍ശം. അതിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന വ്യാപകമായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാളെ നടക്കുന്ന ഹര്‍ത്താലിലും വ്യാപകമായ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ട്. മുന്‍ തീരുമാന പ്രകാരം വ്യാപാരികള്‍ കടകള്‍ തുറക്കുകയും ബസുകള്‍ സര്‍വീസ് നടത്തുകയും ചെയ്താല്‍ സംഘടനയുടെ പ്രതികരണം എന്തായിരിക്കുമെന്ന ചോദ്യത്തിന് എല്ലാവരും സഹകരിക്കണമെന്നായിരുന്നു മറുപടി. അക്രമം ഉണ്ടായാല്‍ കര്‍മ്മ സമിതിക്ക് ഉത്തരാവാദിത്വമുണ്ടാവില്ലെന്ന സൂചനയും നല്‍കി. വരും ദിവസങ്ങളിലെ സമര പരിപാടികള്‍ ആസുത്രണം ചെയ്യാന്‍ ഇന്ന് വൈകിട്ട് കോട്ടയത്ത് കര്‍മ്മ സമിതിയുടെ പേരില്‍ സംഘപരിവാര്‍ സംഘടന നേതാക്കളുടെ അടിയന്തിര യോഗം ചേരുന്നുണ്ട്.