പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടെ നീട്ടി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവടങ്ങളില്‍ ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും വിവിധ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ കല്കടര്‍ പിബി നൂഹ് നിരോധനാജ്ഞ നീട്ടിയത്. എന്നാല്‍ ഭക്തര്‍ സംഘമായി എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ നിരോധനാജ്ഞയെ തുടര്‍ന്ന് തടസ്സമുണ്ടാകില്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യം യുഡിഎഫും ബിജെപിയും ശക്തമാക്കുന്നതിനിടെയാണ് 26 വരെ നിരോധാനജ്ഞ തുടരാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരിക്കുന്നത്. യുവതി പ്രവേശന വിധി വന്നശേഷം നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും മണ്ഡലമാസ പൂജ തുടങ്ങിയതിന് ശേഷം 72 പേരെ അറസ്റ്റ് ചെയ്തതും നിരോധനാജ്ഞ തുടരണമെന്ന ആവശ്യപ്പെട്ടുള്ള പൊലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇന്നലെ നിരോധനാജ്ഞ പിന്‍വലിക്കുമെന്നായിരുന്നു സൂചന.