തിരുവനന്തപുരം: വനിതാ മതില്‍ പരിപാടിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല പ്രശ്‌നം ആളിക്കത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് വനിതാ മതില്‍. സമുദായങ്ങളേയും ജാതികളേയും തമ്മിലടിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. പട്ടേല്‍ പ്രതിമയുടെ പേരില്‍ ബി.ജെ.പി ചെയ്തത് പോലെ വനിതാ മതില്‍ ഉണ്ടാക്കി നവോത്ഥാനത്തിന്റെ പിതൃത്വം നേടാന്‍ സി.പി.എം ശ്രമിക്കുന്നും ചെന്നിത്തല പറഞ്ഞു.
സി.പി.എം നേതൃത്വത്തില്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോള്‍ വനിതാ മതിലിനായി ഇങ്ങനെ പണം ചെലവിടാമോ എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ പരിപാടികള്‍ക്ക് സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്യരുത്. സാമുദായിക സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ യോഗത്തിന്റെ മിനിട്‌സ് പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിലപാടിനെതിരെ ഡിസംബര്‍ അഞ്ചിന് യു.ഡി.എഫ് സായാഹ്ന ധര്‍ണ്ണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.