കൊച്ചി: ശബരിമലയില്‍ നടന്ന സമരപരിപാടികള്‍ സുപ്രീം കോടതി വിധിക്കെതിരെയെന്ന് ഹൈക്കോടതി. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഉണ്ടായ അക്രമത്തില്‍ അറസ്റ്റിലായവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി. തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ശബരിമല അക്രമ സംഭവത്തില്‍ പങ്കില്ലെന്ന ഗോവിന്ദ് മധുസൂദനന്റെ വാദം കോടതി അംഗീകരിച്ചില്ല.
ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്ന നിരീക്ഷണം കോടതി നടത്തി. ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയില്‍ അരങ്ങേറിയതെന്നും കോടതി പറഞ്ഞു. ഗോവിന്ദ് മധുസൂദനന്‍ അക്രമത്തില്‍ പങ്കെടുത്തു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നേരത്തെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാസെഷന്‍സ് കോടതി തള്ളിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാസെഷന്‍സ് കോടതി തള്ളിയത്.