ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവും മുന്‍ ഐ.എ.എസ് ഓഫീസറുമായ ഷാ ഫൈസലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞ് ശ്രീനഗറിലേക്കയച്ചു. തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് പോകാനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു ഷാ ഫൈസല്‍. പൊലീസ് ഇദ്ദേഹത്തെ ശ്രീനഗറിലേക്ക് തിരിച്ചയച്ചുവെന്നും വീട്ടുതടങ്കലിലാക്കിയെന്നുമാണ് വിവരം.
കാശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയെ ഷാ ഫൈസല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കശ്മീരില്‍ രാഷ്ട്രീയ അവകാശങ്ങള്‍ പുനസ്ഥാപിക്കാന്‍ സുസ്ഥിരവും അഹിംസാ മാര്‍ഗത്തിലുമുള്ള മുന്നേറ്റം വേണമെന്ന് അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ജനുവരിയിലാണ് ഐഎഎസ് പദവി രാജിവെച്ച് ഫൈസല്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയത്.
ജമ്മു കാശ്മീരിലെ മുഖ്യ രാഷ്ട്രീയ നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, സി.പി.എം എം.എല്‍.എ യൂസഫ് തരിഗാമി തുടങ്ങിയവരെയെല്ലാം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുന്നതിന് ഒരു ദിവസം മുന്‍പ് വീട്ടുതടങ്കലിലാക്കിയിരുന്നു.