യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഷ്യന്‍ ആക്രമണത്തിന്റെ ചിത്രങ്ങള്‍ വിദേശകാര്യ ഉപമന്ത്രി എമിന്‍ ഡിസെപ്പര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
‘കീവ്, യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ നടത്തിയ മറ്റൊരു വന്‍ മിസൈല്‍ ആക്രമണം. നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളും പാര്‍പ്പിട കെട്ടിടങ്ങളും തകര്‍ന്നു. വലിയ ഊര്‍ജ്ജ തടസ്സങ്ങളുണ്ടായി. പല നഗരങ്ങളിലും വൈദ്യുതി ഇല്ല’ എമിന്‍ ഡിസെപ്പര്‍ ട്വിറ്ററില്‍ കുറിച്ചു.
തലസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നതായി കൈവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു. ജനങ്ങളോട് ഷെല്‍ട്ടറുകളില്‍ തുടരാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് കൈവ്, അയല്‍രാജ്യമായ മോള്‍ഡോവ എന്നിവയുള്‍പ്പെടെ നിരവധി യുക്രേനിയന്‍ നഗരങ്ങളില്‍ വൈദ്യുതി മുടങ്ങിയതായും അധികൃതര്‍ അറിയിച്ചു.