X

എസ്.എഫ്.ഐയുടേത് ഭീകര രാഷ്ട്രീയം- എഡിറ്റോറിയല്‍

കേരളത്തിലെ കലാലയങ്ങളെ ചോരയില്‍ മുക്കിയ ചരിത്രമാണ് എസ്.എഫ്.ഐക്കുള്ളതെന്ന് ആ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും സമ്മതിക്കും. വിദ്യാര്‍ഥി രാഷ്ട്രീയത്തിന് പേരുദോഷമുണ്ടാക്കിയ സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനക്ക് രക്തദാഹം ശമിച്ച കാലമില്ല. ഒരു വശത്ത് അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ രക്തസാക്ഷികളെ സൃഷ്ടിക്കാനും പാര്‍ട്ടി ജാഗരൂകരാണ്. പ്രതിയോഗികളെ കൊലപ്പെടുത്തിയും അടിച്ചമര്‍ത്തിയും സ്വന്തം പ്രവര്‍ത്തകരെ ബലികൊടുത്തും ഒഴുക്കുന്ന രക്തപ്പുഴയിലൂടെ ചെങ്കൊടിക്ക് നിറം കൊടുക്കുന്ന കരാളരാഷ്ട്രീയം അവസാനിപ്പിക്കാന്‍ എസ്.എഫ്.ഐ തയാറല്ലെന്നാണ് തിരുവനന്തപുരം ലോ കോളജ് അക്രമങ്ങള്‍ തെളിയിക്കുന്നത്. കെ.എസ്.യുവിന്റെ വനിതാ നേതാവ് ഉള്‍പ്പെടെയുള്ളവരെ വളഞ്ഞിട്ട് ആക്രമിക്കുകയും ഗുണ്ടകളെ ഇറക്കി മര്‍ദ്ദിക്കുകയും ചെയ്തത് ഏറെ നിന്ദ്യവും കിരാതവുമാണ്. ഒരു ജനാധിപത്യ സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത അക്രമങ്ങളാണ് എസ്.എഫ്.ഐ ഗുണ്ടകള്‍ ലോ കോളജില്‍ അഴിച്ചുവിട്ടത്. കേരളത്തില്‍ എസ്.എഫ്.ഐക്ക് വേരോട്ടമുള്ള കാമ്പസുകളിലെല്ലാം ഇതുതന്നെയാണ് സ്ഥിതി. എതിരാളികളെ തല പൊക്കാന്‍ അനുവദിക്കാതെ ഫാസിസ്റ്റ് മനോഭാവത്തോടെയാണ് നാളിതുവരെയും അവര്‍ പ്രവര്‍ത്തിച്ചുപോന്നിട്ടുള്ളത്. സമാധാനത്തിന്റെയും സംയമനത്തിന്റെയും വാക്കുകള്‍ ഉച്ചരിച്ചു ശീലിച്ചിട്ടില്ലാത്ത ആ സംഘടന കാമ്പസുകളില്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്നത് ഗുണ്ടായിസമാണ്.

എസ്.എഫ്.ഐയുടെ ക്രിമിനല്‍ പട്ടിക നീണ്ടതാണ്. കേരളത്തെ ഞെട്ടിച്ച അനേകം കൊലപാതകങ്ങള്‍ കാമ്പസുകളില്‍ ഉണ്ടായിട്ടുണ്ട്. പാവപ്പെട്ട കുടുംബങ്ങളുടെ പ്രതീക്ഷയും അത്താണിയുമായിരുന്ന മിടുക്കരായ അനേകം വിദ്യാര്‍ത്ഥികള്‍ മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയുടെ കൊലക്കത്തിക്കിരയായിട്ടുണ്ട്. അറിവിന്റെ ശ്രീകോവിലുകളെ ചെങ്കോട്ടകളാക്കി മാറ്റാന്‍ എസ്.എഫ്.ഐ നടത്തുന്ന അരുംകൊലകളും അക്രമങ്ങളും കേരളത്തിലെ കാമ്പസുകളെ രക്തപങ്കിലമാക്കുകയായിരുന്നു. ഇടിമുറികളുണ്ടാക്കിയും ഭീകരത സൃഷ്ടിച്ചും കലാലയങ്ങളുടെ പവിത്ര നശിപ്പിച്ചു. ചെങ്കൊടിക്കു കീഴില്‍ വിദ്യാര്‍ഥികളെ അണിനിരത്താന്‍ മദ്യവും മയക്കുമരുന്നും എത്തിച്ചുനല്‍കി. എതിര്‍ത്തിവരെ മുഴുവന്‍ ഭീഷണിപ്പെടുത്തിയും വേട്ടയാടിയും തുരത്തി. എസ്.എഫ്.ഐ ഗുണ്ടകളെ പേടിച്ച് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പഠനം പാതി വഴിക്ക് ഉപേക്ഷിച്ചുപോയത്.

കലാലയങ്ങളെ സ്വന്തം നിയന്ത്രണത്തില്‍ പിടിച്ചുനിര്‍ത്താന്‍ ഏത് നെറികേടിനും മടിക്കാത്ത എസ്.എഫ്.ഐ സര്‍ഗാത്മക നാമ്പുകളെ മുളയിലേ നുള്ളുകയാണ് പതിവ്. പല കാമ്പസുകളിലും കലാ, സാഹിത്യ, കായിക ഒത്തുചേരലുകളെ അനുവദിക്കാറില്ല. നിഷ്‌കളങ്കരായ വിദ്യാര്‍ത്ഥികളെ ക്രിമിനല്‍ ജീവിതത്തിലേക്ക് തള്ളിവിട്ടാന്‍ എസ്.എഫ്.ഐ സംഘടനക്ക് ആളെക്കൂട്ടുന്നത്. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ പോലും ഗുണ്ടാ രാഷ്ട്രീയത്തിന്റെ വലയില്‍ കുരുങ്ങി ജീവിതം ഹോമിക്കപ്പെട്ടിട്ടുണ്ട്. പില്‍ക്കാലത്ത് പലരും അത് സമ്മതിക്കുകയും ചെയ്തു. തങ്ങളുടെ ജീവിതം നശിപ്പിച്ചത് എസ്.എഫ്.ഐണെന്ന് അവര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. പഠനത്തിന്റെയും അറിവിന്റെയും വിശാല ലോകത്തുനിന്ന് അവര്‍ വിദ്യാര്‍ത്ഥികളെ തട്ടിയെടുത്ത് വഴിയാധാരമാക്കുകയായിരുന്നു. കൃത്യമായ രാഷ്ട്രീയ സ്വാര്‍ത്ഥതയാണ് എസ്.എഫ്.ഐയെ നിയന്ത്രിക്കുന്നത്.

വിദ്യാര്‍ഥി സമൂഹത്തിന്റെ പുരോഗതിയും താല്‍പര്യങ്ങളും അവര്‍ക്ക് വിഷയമാകാറില്ല. പുരോഗമനപരമായ കാഴ്ചപ്പാടുകളും ക്രിയാത്മക പ്രവര്‍ത്തനങ്ങളും അവര്‍ ഉപേക്ഷിച്ചിട്ട് കാലങ്ങളായി. ഇപ്പോള്‍ അക്രമങ്ങളില്‍ മാത്രം വിശ്വസിക്കുന്ന ഒരു സംഘടനയായി എസ്.എഫ്.ഐ അധ:പതിച്ചിരിക്കുന്നു. സ്വകാര്യ ബസുകളിലെ കുറഞ്ഞ യാത്രാ നിരക്ക് വിദ്യാര്‍ത്ഥികള്‍ക്കു തന്നെ അപമാനമാണെന്ന് ഗതാഗത മന്ത്രി പറഞ്ഞപ്പോഴും സംഘടനക്ക് കുലുക്കമുണ്ടായില്ല. പകരം അക്രമങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുകയും എതിരാളികളെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്ന കേവലമൊരു ഭീകരസംഘടനയായി എസ്.എഫ്.ഐ തരംതാഴ്ന്നിരിക്കുകയാണ്. ലോക സമാധാനത്തിന് ബജറ്റില്‍ 2000 കോടി നീക്കിവെച്ച വേളയില്‍ തന്നെയാണ് നാട്ടിലെ സമാധാനം കളയാന്‍ എസ്.എഫ്.ഐ കോപ്പുകൂട്ടുന്നത്.

Test User: