കലോല്‍സവത്തില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധം.
തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിസോണ്‍ കലോത്സവത്തില്‍ 166 വിദ്യാര്‍ത്ഥികളെ മത്സരത്തില്‍ പങ്കെടുപ്പിക്കാത്തതുമായി ബന്ധപ്പെട്ട് സെനറ്റ് ഹാളിന് മുന്നില്‍ എം.എസ്.എഫ് -എസ്.എഫ്.ഐ പോര്‍വിളി സംഘര്‍ഷത്തില്‍ കലാശിച്ചു. അഞ്ചിലധികം എം.എസ്.എഫ് നേതാക്കള്‍ക്കും ഒരു പോലീസുകാരനും പരുക്ക്. എം.എസ്.എഫ് ജില്ല എക്‌സിക്യുട്ടീവും സിസോണ്‍ ജനറല്‍ കണ്‍വനറുമായ ഖമറുല്‍ ജമാല്‍, ഇ.എം.ഇ.എ കോളജിലെ യുയു സി സിബ്ഹത്തുള്ള, അമല്‍ കോളജ് ചെയര്‍മാന്‍ സുല്‍ഫീക്കര്‍ അലി, കെ.എം ഖലീല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചു നടപടിക്കെതിരില്‍ കോടതിയില്‍ നിന്ന് നേടിയെടുത്ത വിധിപ്പകര്‍പ്പുമായെത്തിയ എം.എസ്.എഫ് നേതാക്കള്‍ സെനറ്റ് ഹൗസില്‍ കുത്തിയിരിന്ന് പ്രതിഷേധിച്ചിരുന്നു. സെക്രട്ടറി നിഷാദ് കെ.സലീമും മുന്‍ യൂണിയന്‍ ഭാരവാഹി ഫവാസുമായിരുന്നു പ്രതിഷേധിച്ചത്.
മുഴുവന്‍ പ്രതിഭകള്‍ക്കും മത്സരിക്കാന്‍ അവസരം ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം കോടതി അലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്ന വിധി ഇന്നലെ വൈകിട്ട് കോടതിയില്‍ നിന്ന് എം.എസ്.എഫ് നേടിയെടുത്തിരുന്നു. ഈ വിധി പകര്‍പ്പ് വൈസ് ചാന്‍സലറെ കാണിക്കാന്‍ എത്തിയതായിരുന്നു നേതാക്കള്‍. അക്കാദമിക് കൗണ്‍സില്‍ നടക്കുന്നതിനാല്‍ വി.സി യോഗത്തിലായതിനാല്‍ നേതാക്കള്‍ക്ക് കാണാനായില്ല. അതേ സമയം, 26 ന് തുടങ്ങിയ സിസോണ്‍ മല്‍സരങ്ങളില്‍ ഈ കുട്ടികള്‍ക്ക് മത്സരിക്കാന്‍ ആയിരുന്നില്ല. സ്‌റ്റേജ് മല്‍സരങ്ങള്‍ ഇന്ന് മുതലാണ് ആരംഭിക്കുന്നത്. അതേ സമയം നാളെ സര്‍വ്വകലാശാലയിലേക്ക് എം. എസ്.എഫ് യൂത്ത് ലീഗ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.