X

തൊടുപുഴ സ്റ്റേഷനു മുന്നില്‍ കൂട്ടയടി; തടയാനെത്തിയ പൊലീസുകാരന് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദനം

തൊടുപുഴ: പൊലീസ് സ്റ്റേഷനു മുന്നിലുണ്ടായ സംഘര്‍ഷം തടയാനെത്തിയ പൊലീസുകാരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടുന്ന നഗരസഭയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിന് മര്‍ദനമേറ്റില്ലെന്ന് പൊലീസ് വാദിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ 10 പേര്‍ക്കെതിരെ കേസെടത്തു.

എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി എം.എസ് ശരത്തിനെ ഒന്നാം പ്രതിയാക്കിയാണ് തൊടുപുഴ പൊലീസ് കേസെടുത്തത്.

പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ വൈകിട്ടുണ്ടായ സംഘട്ടനത്തില്‍ അഞ്ചു പേര്‍ പിടിയിലായതിനെ തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനു മുന്നില്‍ സംഘര്‍ഷമുണ്ടായതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ബസ് സ്റ്റാന്റിനു സമീപത്തെ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരെ കാണാനെത്തിയ സുഹൃത്തിനെ ഒരു കൂട്ടം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നിലിട്ട് തല്ലി. ഇത് തടയാനെത്തിയ പൊലീസുകാരനാണ് മര്‍ദനമേറ്റത്.

മറ്റൊരു പൊലീസുകാരനു നേരെയും കയ്യേറ്റശ്രമമുണ്ടായി. അക്രമം സംബന്ധിച്ച വിവരം തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ ആരെയും മര്‍ദിച്ചില്ലെന്നാണ് മാതൃഭൂമി ലേഖകനോട് അധികൃതര്‍ അറിയിച്ചത്.

chandrika: