കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്നത് പുറത്തുനിന്നെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘമെന്ന് പൊലീസ്. ഇതില്‍ മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്.
കസ്റ്റഡിയിലെടുത്തവരില്‍ ഒരാള്‍ മാത്രമാണ് ക്യാംപസിലെ വിദ്യാര്‍ഥിയെന്നും മറ്റുള്ളവര്‍ പുറത്തുനിന്നുള്ളവരാണെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. മഹാരാജാസ് കോളജിന് സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും അക്രമികളെ സംബന്ധിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. സെന്‍ട്രല്‍ സി.ഐ അനന്തലാലിനാണ് അന്വേഷണ ചുമതല.
ഇന്നലെ രാത്രിയാണ് ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യുവിനെ കുത്തിക്കൊന്നത്. രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമാണ് അഭിമന്യു. വൈകുന്നേരം പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. അര്‍ധരാത്രിയോടെയാണ് കൊലപാതകം നടന്നത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ അര്‍ജുന്‍ മെഡിക്കല്‍ട്രസ്റ്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.
അഭിമന്യുവിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കും.