X
    Categories: CultureNewsViews

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാവിന്റെ ബിരുദവും സംശയത്തിന്റെ നിഴലില്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ എസ്.എഫ്.ഐ ശിവരഞ്ജിത് ബിരുദപരീക്ഷയിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് സംശയം. കോളേജില്‍ നിന്ന് ഉത്തരക്കടലാസ് കടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. പി.എസ്.സി പരീക്ഷയില്‍ ശിവരഞ്ജിത് ക്രമക്കേട് നടത്തിയതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജില്‍ പി.ജി വിദ്യാര്‍ത്ഥിയായ ശിവരഞ്ജിത് ബിരുദവിദ്യാര്‍ത്ഥിയായിരിക്കെ ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്ററില്‍ സപ്ലിമെന്ററി പരീക്ഷകള്‍ എഴുതിയാണ് വിജയിച്ചത്. എന്നാല്‍ അഞ്ചും ആറും സെമസ്റ്ററിലെ പരീക്ഷകളില്‍ ഇയാള്‍ എ ഗ്രേഡും ബി ഗ്രേഡുമാണ് നേടിയിട്ടുള്ളത്. ശിവരഞ്ജിത്തിന്റെ കെമിസ്ട്രി മാര്‍ക് ലിസ്റ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പി.ജി പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്കാണ് ശിവരഞ്ജിത് നേടിയതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

പി.എസ്.സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്,നസീം, പ്രണവ് എന്നിവര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പരീക്ഷാസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്.എം.എസായി ലഭിച്ചെന്നാണ് നിഗമനം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: