X

എസ്.എഫ്.ഐ സ്വതന്ത്ര ലൈംഗികതയുടെ തിരക്കിലാണ്- ഖാദര്‍ പാലാഴി

ഖാദര്‍ പാലാഴി

തിരുവനന്തപുരം ലോ അക്കാദമിയില്‍ കയറിച്ചെല്ലുന്നിടത്ത്തന്നെ എസ്.എഫ്. ഐ ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. അതില്‍ നഗ്‌നയായ പെണ്‍കുട്ടിയുടെ പടം വരച്ച് ഇങ്ങനെ എഴുതിയിട്ടുണ്ട്. My Body is My Choice എന്ന്. സമാനമായ ബോര്‍ഡ് തൃശൂര്‍ കേരള വര്‍മ കോളജിലും എസ്. എഫ്.ഐക്കാര്‍ വെച്ചിരുന്നു. ഇണ ചേരുന്നത് പച്ചക്ക് വരച്ച് അതില്‍ എഴുതിയത് ഇങ്ങനെ ‘തുറിച്ച് നോക്കണ്ട, ഒന്ന് ചിന്തിക്കൂ. ഞാനും നീയുമൊക്കെ എങ്ങനെ ഉണ്ടായി?’ എന്നിട്ട് ഇങ്ങനെകൂടി എഴുതിച്ചേര്‍ത്തു.’The planet needs sexual liberation’

ഈ ഭൂമി ഗോളത്തില്‍ പിറന്നുവീണ മനുഷ്യരിലൊരാളെയും നിയന്ത്രിക്കാന്‍ ധാര്‍മികതയും സദാചാരവും മതവുമൊക്കെ പറഞ്ഞ് ആരും വരേണ്ടെന്നും ഓരോ ശരീരവും എന്തൊക്കെ ചെയ്യണമെന്നും ചെയ്യാതിരിക്കണമെന്നും തീരുമാനിക്കേണ്ടത് അവരവര്‍ മാത്രമാണെന്നുമുള്ള അതിരുകളില്ലാത്ത ലിബറലിസം വളച്ചു കെട്ടില്ലാതെ എസ്.എഫ്.ഐ ഈയിടെയായി വിദ്യാര്‍ഥികളോട് പറഞ്ഞുകൊണ്ടിരിക്കയാണ്. എന്തുകൊണ്ടാണ് മുമ്പൊങ്ങുമില്ലാത്തവിധം ക്യാമ്പസുകളില്‍ എസ്.എഫ്.ഐ ലൈംഗിക സ്വാതന്ത്ര്യം ഇത്ര ചുവപ്പിച്ച് വരച്ചുവെക്കുന്നത്. ഈ ചോദ്യത്തിന് രണ്ട് ഉത്തരങ്ങളേയുള്ളൂ. ഇക്കാലത്ത് സ്വതന്ത്ര ലൈംഗികതയല്ലാതെ മറ്റെന്താണ് അവര്‍ക്ക് പറയാനുള്ളത് എന്നതാണ് ഒന്നാമത്തെ ഉത്തരം. യഥാര്‍ഥത്തില്‍ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളെ അമൂലാഗ്രം പാര്‍ട്ടിയും സ്റ്റേറ്റും നിയന്ത്രിക്കുന്ന ഒരു തുറന്ന ജയിലാണ് മാര്‍ക്‌സിസവും അതിന്റെ പ്രയോഗങ്ങളായ ലെനിനിസം, സ്റ്റാലിനിസം, മാവോയിസം തുടങ്ങിയവ ഇതുവരെ കാണിച്ചു തന്നത്. ഏറ്റവുമൊടുവില്‍ ഉത്തര കൊറിയയിലെ ഇപ്പോഴത്തെ ഭരണാധികാരിയും നമ്മുടെ നാട്ടിലെ പാര്‍ട്ടി സമ്മേളന ബോര്‍ഡുകളിലെ താരവുമായ കിം ജോംഗ് ഉന്നിന്റെ കാര്യമെടുക്കുക. ടിയാന്റെ അച്ഛന്‍ കിം ജോംഗ് ഇല്‍ മരിച്ചതിന്റെ പതിനൊന്നാം വര്‍ഷികത്തില്‍ രാജ്യത്തെ പൗരന്‍മാര്‍ 11 ദിവസം ചിരിക്കുന്നതും മദ്യപിക്കുന്നതും അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി വിലക്കിയത് നമ്മളും എസ്.എഫ്. ഐക്കാരും കണ്ടതാണ്. ഈ മരിച്ച മഹാന്റെ അച്ഛനായ കിം ഇല്‍ സുംഗാണ് 1948 മുതല്‍ 1994 വരെ അവിടത്തെ പാര്‍ട്ടി നേതാവും രാഷ്ട്ര നേതാവുമായിരുന്നതെന്നത് എസ്.എഫ്.ഐക്കാര്‍ ക്യാമ്പസിലെ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കണം. 37 കാരനായ ഇപ്പോഴത്തെയാള്‍ മരിച്ചാല്‍ നോര്‍ത്ത് കൊറിയയിലെ ‘ഡി.വൈ.എഫ്.ഐ’ മുന്‍ ദേശീയ പ്രസിഡണ്ട് ഭരണാധികാരിയാവുമോ? ഇല്ലേയില്ല, അപ്പൂതി മനസില്‍ വെച്ചാല്‍ മതി. കഴിഞ്ഞ 74 വര്‍ഷമായി കിം കുടുംബം അധികാരം ആര്‍ക്കും വിട്ട് കൊടുത്തിട്ടില്ല. നിലവിലെ ഭരണാധികാരിക്ക് ചെറിയ മക്കളായതിനാല്‍ അവര്‍ മുതിരും വരെ ആ സഖാവിന് ആയുസ് നീട്ടിക്കൊടുക്കാന്‍ ആശംസിക്കുക മാത്രമേ നമ്മുടെ നാട്ടിലെ സര്‍വസ്വതന്ത്രക്കുട്ടികള്‍ക്ക് കരണീയമായിട്ടുള്ളൂ. വ്യക്തി സ്വാതന്ത്ര്യത്തില്‍ ആരും ഇടപെടേണ്ടെങ്കില്‍ പാര്‍ട്ടിയും ഭരണകൂടവും നിയന്ത്രിക്കാന്‍ വരുന്നതെന്തിനെന്ന് പറയാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്.

ചൈനയില്‍ മാവോ സേതുംഗ് 1966-76 കാലത്ത് നടത്തിയ സാംസ്‌കാരിക വിപ്ലവത്തില്‍ പൗരന്‍മാരുടെ കുപ്പായത്തിന്റെ ഡിസൈനും മുടിയുടെ സ്റ്റൈലും വരെ തീരുമാനിച്ചിരുന്നത് പാര്‍ട്ടിയെന്ന ഭരണകൂടമായിരുന്നു. മാവോ 1976ല്‍ മരിച്ചത് കൊണ്ട് കേവലം എട്ട് കോടിയാളുകളേ കൊല്ലപ്പെട്ടുള്ളൂ എന്നാശ്വസിക്കാം. സോവിയറ്റ് യൂണിയനില്‍, ഹംഗറിയില്‍, ചെക്കോസ്ലാവാക്യയില്‍, പോളണ്ടില്‍ തുടങ്ങി എല്ലായിടത്തും വ്യക്തികളുടെ ചിന്തയും പെരുമാറ്റവും വരെ സ്റ്റേറ്റ് നിയന്ത്രിച്ചതിനെ താത്വിക വ്യാഖ്യാനം നല്‍കിയവരുടെ പിന്‍മുറക്കാരാണ് My Body My Choice എന്നെഴുതി വെക്കുന്നതും ആകാശാതിര്‍ത്തി വരേയുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലമാവുന്നതും. എത്രയെത്ര എഴുത്തുകാരും ബുദ്ധിജീവികളുമാണ് ബുദ്ധിയും ബോധ്യവും മന:സാക്ഷിയും പാര്‍ട്ടിക്ക് സമര്‍പ്പിക്കേണ്ടിവരികയോ ശിക്ഷയേറ്റു വാങ്ങേണ്ടിവരികയോ ചെയ്തത്. ഫ്രീ സെക്‌സിന്റെ മഹത്വം പറയുന്നതിന് പകരം അകാല ചരമം പ്രാപിച്ചതും നിലവിലുള്ളതുമായ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ അപദാനങ്ങള്‍ കവിതയായോ നാടകമായോ എങ്കിലും എസ്.എഫ്.ഐക്കാര്‍ക്ക് കാമ്പസില്‍ പറയാന്‍ ധൈര്യമുണ്ടോ? ബഹുകക്ഷി ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം അനുഭവിച്ച് വളരുന്ന കുട്ടികള്‍ ആ മാതൃകകള്‍ അറബിക്കടലിലെറിയുമെ ന്നുറപ്പ്.
എസ്.എഫ്.ഐക്കാരേ, നിങ്ങള്‍ അത്രയൊന്നും പറയണ്ട. സാമൂഹിക ശാസ്ത്രത്തിലെ നവീനാശയങ്ങള്‍ പഠിച്ചവര്‍ക്ക് മുമ്പില്‍, ആധുനിക ഫിസിക്‌സും ബയോളജിയും ഇകണോമിക്‌സും പഠിച്ചവര്‍ക്ക് മുമ്പില്‍, സര്‍ഗാത്മകശേഷിയുള്ള കുട്ടികള്‍ക്ക്മുമ്പില്‍ നിങ്ങള്‍ മാര്‍ക്‌സിസമെന്ന സിദ്ധാന്തത്തിന്റെ മഹത്വം മാത്രം പറയുമോ? ഇന്നോളമുള്ള മനുഷ്യരുടെ ചരിത്രം വര്‍ഗ സംഘട്ടനങ്ങളുടെ ചരിത്രമാണ്, സോഷ്യലിസത്തിന്റെ വികസിത രൂപമായ കമ്യൂണിസത്തില്‍ സ്വകാര്യ മൂലധനവും സ്വകാര്യ സ്വത്തും ഇല്ലാതാവുകയും ഭരണകൂടം കൊഴിഞ്ഞുവീഴുകയും ചെയ്യും, മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളും ഭൗതിക ശാസ്ത്രത്തിന്റെ പരീക്ഷണ നിരീക്ഷണ ഉപാധികളിലൂടെ തെളിയിക്കാനാവും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും നാനോ ടെക്‌നോളജിയുടേയും ഇക്കാലത്തും മിച്ചമൂല്യ സിദ്ധാന്തം പ്രസക്തമാണ്, മാര്‍ക്‌സിസം ശാസ്ത്രമാണ് തുടങ്ങിയ ആശയങ്ങള്‍ പറഞ്ഞുനോക്കൂ. കേവലം സങ്കല്‍പനങ്ങളും ഔട്ട് ഓഫ് ഡേറ്റുമായ ഇവയെല്ലാം ഇന്ന് അക്കാദമിക് ലോകത്ത് ചിരിയും അമ്പരപ്പും പടര്‍ത്തുന്നതാണ്. പ്രായോഗിക രംഗത്താവട്ടെ ഈ സിദ്ധാന്തങ്ങളുമായി രാജ്യത്തെ മുന്നോട്ട്‌കൊണ്ട്‌പോകാനാവില്ലെന്ന് സോവിയറ്റ് യൂണിയന്‍ മുതല്‍ ചൈന വരെ തെളിയിച്ച് കഴിഞ്ഞതുമാണ്. ജനാധിപത്യത്തിന്റേയും വിശ്വാസത്തിന്റെയും സര്‍ഗാത്മകതയുടെയും ശവപ്പറമ്പായിരിക്കും അവരുടെ സ്വപ്‌ന രാജ്യമെന്നും യുവതലമുറക്കറിയാം. അതിനാല്‍ എസ്.എഫ്.ഐ ആ സിദ്ധാന്തം പറയാനും തയ്യാറല്ല.

മനുഷ്യനാഗരികതയുടെ അടയാളമായ വസ്ത്രം എസ്.എഫ്.ഐക്കാര്‍ അഴിച്ചെറിയാന്‍ ശ്രമിക്കുന്നതിന് രണ്ടാമതൊരു കാരണവുമുണ്ട്. യു.ഡി.എഫ് ഭരിക്കുമ്പോള്‍ സംസ്ഥാനകേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരെയുള്ള കാമ്പയിനിലൂടെയാണ് അവര്‍ കാമ്പസിനെ ചുവപ്പിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷമായി സംസ്ഥാനം ഭരിക്കുന്നത് ഞമ്മന്റെ ആളുകളായതിനാല്‍ കാമ്പസുകളില്‍ പറയാന്‍ വിഷയ ദാരിദ്ര്യമുണ്ട്. എന്തെങ്കിലും പറയുന്നുവെങ്കില്‍ അത് ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ് ആണ് താനും. പിന്നെയുള്ളത് കേന്ദ്ര വിരുദ്ധതായാണ്. സ്വാശ്രയ വിദ്യാഭ്യാസം, ഓട്ടോണമസ് കോളജ്, ഡീംഡ് യൂണിവേഴ്‌സിറ്റി, രണ്ടരയേക്കര്‍ മാത്രം ഭൂമിയുള്ള ‘പാവപ്പെട്ട’വര്‍ക്ക് സാമ്പത്തിക സംവരണം തുടങ്ങിയ ഒട്ടനവധി കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഉദാരീകരണ നവലിബറല്‍ നയങ്ങളുടെ ഈച്ചക്കോപ്പിയെടുക്കുന്നത്‌കൊണ്ട് കേന്ദ്രത്തിനെതിരെ ആളെ കാണിക്കാന്‍ ഒന്ന് മുരളാനെ അവര്‍ക്ക് അവകാശമുള്ളൂ. അപ്പോള്‍ പിന്നെ എസ്.എഫ്.ഐ എന്ത് ചെയ്യും. കൗമാരക്കാരുടെ മൃദുല വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക തന്നെ. എന്നാല്‍ സ്വതന്ത്ര ചിന്തക്ക്‌വേണ്ടി വാദിക്കുന്ന എസ്. എഫ്.ഐതന്നെ തങ്ങളല്ലാത്തവര്‍ക്ക് സ്വന്തം ആശയവും നിലപാടും വകവെച്ചു കൊടുക്കുന്നുണ്ടോ? ബാലുശേരിയിലെ ഒരു സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പാന്റ്‌സും ചുരിദാറും പാവാടയും മുണ്ടും ഇഷ്ടം പോലെ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ അവരെ ആറാം നൂറ്റാണ്ടിലെ പ്രാകൃത മനോഗതിക്കാരാക്കുകയാണ് എസ്.എഫ്.ഐ മുതല്‍ പു.ക.സ വരെ ചെയ്തത്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ ഫാതിമ തഹ്‌ലിയ ഉള്‍പ്പെടെയുള്ള ആക്റ്റിവിസ്റ്റുകളും മുസ്‌ലിം സംഘടനകളും രംഗത്ത്‌വന്നപ്പോള്‍ അവര്‍ ആറാം നൂറ്റാണ്ടില്‍ ബസ് കാത്തുനില്‍ക്കുന്നവരാണെന്നായിരുന്നു സി.പി.എം നാസ്തിക സംഘി പ്രൊഫൈലുകളിലെല്ലാം ആക്ഷേപിച്ചിരുന്നത്. സ്വതന്ത്ര ചിന്ത അവിടെ കുളിക്കാന്‍ പോയി. എന്നാല്‍ ബൃന്ദ കാരാട്ടും ആനി രാജയും എതിര്‍പ്പുമായി വന്നതോടെ സി.പിഎം- ഡിഫി എസ്.എഫ്.ഐ പ്രൊഫൈലുകള്‍ പോസ്റ്റ് മുക്കുകയോ ഡിലീറ്റാക്കുകയോ ചെയ്തു. അതിരില്ലാത്ത വ്യക്തി സ്വാതന്ത്ര്യത്തിന്റെയും സ്വതന്ത്ര ചിന്തയുടേയും വക്താക്കള്‍ സ്വന്തം തലച്ചോര്‍ കൊണ്ടല്ല ചിന്തിക്കുന്നതെന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു ഇതിലൂടെ.

എസ്.എഫ്.ഐയുടെ മറ്റൊരു വൈരുദ്ധ്യാധിഷ്ഠിത സ്വതന്ത്രവാദം ഇപ്പോള്‍ തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നു. അവിടത്തെ എസ്.എഫ്.ഐ പുറത്തിറക്കിയ പ്രചാരണ വീഡിയോയില്‍ സ്വവര്‍ഗരതി തെറ്റാണെന്ന് ഇന്നും കരുതുന്നവരും Pride Month ആഘോഷത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നവരുമായ എം.എസ്.എഫുകാരും ഫ്രെറ്റേണിറ്റിക്കാരും മനുഷ്യത്വമുള്ളവരാണോ എന്ന് ചോദിച്ചിരിക്കുന്നു.

1969 ജൂണ്‍ 27 ന് രാത്രി ന്യൂയോര്‍ക്കിലെ ഒരു തെരുവില്‍ LGBTQ ക്കാര്‍ക്കെതിരെ നടന്ന പൊലീസ് ആക്ഷനെ തുടര്‍ന്നാണ് അവരോട് അനുഭാവം പ്രകടിപ്പിക്കാനായി എല്ലാ വര്‍ഷവും പ്രൈഡ് മന്ത് ആഘോഷം തുടങ്ങിയത്. ഇവരെ വെറുപ്പോടെ കാണണമെന്ന് ഒരു മത രാഷ്ട്രീയ ഗ്രൂപ്പും പറയുന്നില്ല. എന്നാല്‍ ഇവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് സാമൂഹ്യ ശാസ്ത്രജ്ഞര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ക്രിസ്തുമതമുള്‍പ്പെടെയുള്ള മത സംഘടനകള്‍ക്കും വ്യത്യസ്തമായ സമീപനമുണ്ട് താനും. സ്വവര്‍ഗരതിയോടും വ്യത്യസ്ത സമീപനം പുലര്‍ത്തുന്ന ഒട്ടേറെ വിഭാഗങ്ങളുണ്ട്. എന്നാല്‍ തൃശൂരിലെ എസ്.എഫ്.ഐക്കാര്‍ ക്രിസ്ത്യന്‍ വിഭാഗത്തെ തല്‍ക്കാലം മനുഷ്യരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം.എസ്.എഫുകാരും ഫ്രട്ടേണിറ്റിക്കാരും മനുഷ്യത്വമില്ലാതായിട്ടുണ്ടെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുമുണ്ട്. LGBTQ
വിഷയമാവട്ടെ, സ്വവര്‍ഗരതിയാവട്ടെ, വസ്ത്രധാരണയാവട്ടെ എസ്.എഫ്. ഐ അംഗീകരിക്കുന്ന ലിബറല്‍ മൊറാലിറ്റി അംഗീകരിക്കാത്തവരൊന്നും മനുഷ്യരല്ല. ഒപ്പംതന്നെ മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും സ്വതന്ത്ര ചിന്തയെക്കുറിച്ചും അവര്‍ ചിത്രം വരക്കുകയും അട്ടഹസിക്കുകയും ചെയ്യും. എന്തൊരു വൈരുദ്ധ്യമാണ് സജീ ഇത്.

ആശയങ്ങളുടേയും നിലപാടുകളുടേയും സമ്മേളനവും സംവാദവുമാണ് ഒരു ജനാധിപത്യ സമൂഹത്തില്‍ നടക്കേണ്ടത്. ഒപ്പം മറ്റൊരു കാര്യവും കൂടി പറയേണ്ടതുണ്ട്. പാര്‍ലമെന്റും നിയമസഭകളും നിര്‍മിക്കുന്ന നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനപരമായി മനുഷ്യന്റെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതാണ്. ഇതാവട്ടെ ഒരേസമയം വ്യക്തിയുടേയും സമൂഹത്തിന്റെയും നിലനില്‍പ്പിന് അനിവാര്യവുമാണ്. ഒന്നും പറയാനില്ലെന്ന് വെച്ച് എസ്.എഫ്.ഐക്ക് എന്തും എഴുതിവെക്കാം. എന്നാല്‍ അതംഗീകരിക്കാത്തവര്‍ക്ക് മനുഷ്യത്വ സര്‍ട്ടിഫിക്കറ്റിനായി നിങ്ങളുടെ ക്യൂവില്‍ നില്‍ക്കാന്‍ മാത്രം കാമ്പുള്ളതല്ല നിങ്ങള്‍ മുന്നോട്ട്‌വെക്കുന്ന പ്രത്യയശാസ്ത്രം.

Test User: