വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കി എംഎസ്എം കോളേജില്‍ എം. കോം പ്രവേശനം നേടിയ സംഭവത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തിരച്ചില്‍ നാടകമാണെന്ന ആക്ഷേപമാണുയരുന്നത്. കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള എട്ടംഗ പോലീസ് സംഘമാണ് നിഖിലിനായി തെരച്ചില്‍ നടത്തുന്നത്. നിഖിലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിഖിലിന്റെ ഫോണിന്റെ അവസാനം ലൊക്കേഷനായി കാണിച്ചത് തിരുവനന്തപുരമാണ്. നിഖിലിന്റെ ഒളിത്താവളം കണ്ടെത്താല്‍ പോലീസ് വ്യാപക പരിശോധന നടക്കുകയാണ്. നിഖിലിന്റെ അടുത്ത സുഹൃത്തുക്കളെ വിളിച്ച് വരുത്തിയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
തിങ്കളാഴ്ച ആര്‍ഷോയെ കാണാന്‍ നിഖിലിനൊപ്പം തിരുവനന്തപുരത്തേക്ക് പോയ ഡിവൈഎഫ്‌ഐ നേതാവിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നിഖില്‍ ഒളിവില്‍ പോയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട്. കോളേജിലെ അഡ്മിഷന്‍ സംബന്ധിച്ച ഫയലുകളും പരിശോധിക്കുന്നുണ്ട്. നിഖിലിന്റെ അഡ്മിഷന്‍ നടന്ന സമയത്തെ കൊമേഴ്‌സ് വിഭാഗം മേധാവിയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യും.