X
    Categories: MoreViews

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഉറക്കത്തില്‍

ഈ വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ദുരിതമായി മാറിയിട്ടും എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഉറക്കം തുടരുന്നു. സ്വാശ്രയ വിഷയം ഇത്രയേറെ വഷളായിട്ടും മൗനംതുടരുന്ന എസ്.എഫ്.ഐക്കും ഡി.വൈ.എഫ്.ഐക്കുമെതിരെ സമൂഹമാധ്യമങ്ങളിലടക്കം ട്രോള്‍ മഴ പ്രചരിക്കുകയാണ്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് കുട്ടികളെ പിഴിയാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കി നല്‍കിയിട്ടും ഇരുസംഘടനകളും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി പിണറായി വിജയനായിപ്പോയി…. ഉമ്മന്‍ചാണ്ടിയായിരുന്നേല്‍ കാണിച്ചുതരാമായിരുന്നുവെന്നാണ് ഒരു ട്രോള്‍. പിണറായി വിജയന്‍ നാടുഭരിക്കുമ്പോള്‍ കുട്ടിസഖാക്കളുടെ നട്ടെല്ല് കാണാതെ പോയെന്നാണ് മറ്റൊരു പരിഹാസം. ഇടതുഭരണമല്ലായിരുന്നുവെങ്കില്‍ ഇതിനോടകം എത്ര ബസുകള്‍ അഗ്നിക്കിരയാക്കുമായിരുന്നുവെന്ന് ചില യുവാക്കള്‍ ചോദിക്കുന്നു.
പിണറായി എന്ന് കേള്‍ക്കുമ്പോള്‍ മുട്ടിടിക്കുന്ന ‘വിദ്യാര്‍ത്ഥി, യുവജന’ പ്രസ്ഥാനങ്ങളുടെ കാര്യം കഷ്ടമാണെന്ന് ഫേസ്ബുക്കില്‍ വി.ടി ബല്‍റാം എം.എല്‍.എ കുറിച്ചു. സ്വാശ്രയ സമരത്തില്‍ മുന്‍പ് പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭാ സമ്മേളനം കഴിയുംവരെ നിരാഹാരമനുഷ്ഠിച്ച സമയത്ത് ‘ഒരു ബ്രേക്ക്ഫാസ്റ്റ് മാത്രമുപേക്ഷിച്ച് സമരം നടത്തിയവര്‍’ എന്ന് വലിയവായില്‍ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത ഡിഫി, എസ്.എഫ്.ഐ നേതാക്കള്‍ ഇപ്പോഴത്തെ ഈ കടുംവെട്ടിനെതിരെ ഒരു കട്ടന്‍ചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരം നടത്താന്‍ കടന്നുവരുമോ എന്നാണ് ബല്‍റാം ഉന്നയിക്കുന്ന ചോദ്യം.
സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയം വിദ്യാര്‍ത്ഥികളുടെ കണ്ണീരുവീണ് കുതിരുമ്പോഴും മുന്‍കാലങ്ങളില്‍ നാമമാത്രമായ ഫീസ് വര്‍ധനയുടെ പേരില്‍ അക്രമസമരം അഴിച്ചുവിട്ട ഇടതു സംഘടനകളെ കാണാനില്ലാത്തത് അതിശയിപ്പിക്കുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള എസ്.എഫ്.ഐയുടെ ബോര്‍ഡ് മാറ്റാനുള്ള മാന്യതയെങ്കിലും കാട്ടണമെന്നും ഇവര്‍ പറയുന്നു. സ്വാശ്രയ പ്രവേശനം ഇത്രയേറെ കുഴഞ്ഞുമറിഞ്ഞിട്ടും കേവലം പ്രസ്താവനകള്‍ മാത്രമാണ് എസ്.എഫ്.ഐ നേതാക്കള്‍ നടത്തിയത്. മാനേജ്‌മെന്റുകള്‍ക്ക് വിടുപണിചെയ്ത സര്‍ക്കാറിനെതിരെ പേരിനെങ്കിലും ഒരു പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇവര്‍ തയാറാകാത്തതും വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
അതേസമയം, കോടതിവിധിയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്നൊരുക്കം നടത്തേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫിന്റേത്. മെഡിക്കല്‍ പി.ജി, എം.ബി.ബി.എസ് ഫീസ് നിര്‍ണയത്തില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയെന്നും ഇവര്‍ തുറന്നുപറയുന്നു. എന്നാല്‍ സര്‍ക്കാറിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇവരും മുന്നോട്ടുവരുന്നില്ല. സ്വാശ്രയ വിഷയത്തില്‍ ഇടതു സംഘടനകളുടെ ഇരട്ടത്താപ്പാണ് ഇതെല്ലാം തുറന്നുകാട്ടുന്നത്.

chandrika: