X

വിദ്യയുടെയും ആര്‍ഷോയുടെയും നാണം മറയ്ക്കാന്‍ സി.പി.എമ്മിന്റെ വിദ്യ: കെ.എസ്.യു നേതാവിനെതിരെ സര്‍ട്ടിഫിക്കറ്റുണ്ടാക്കി

കെ.പി ജലീല്‍

വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ എസ്.എഫ്.ഐയും സര്‍ക്കാരും സി.പി.എമ്മും പൊതുജനസമക്ഷം നാണംകെട്ടുനില്‍ക്കെ , ആരോപണം ഉന്നയിച്ച കെ.എസ്.യുവിന് മേല്‍ കുറ്റം ചാരി രക്ഷപ്പെടാന്‍ എസ്.എഫ്.ഐ കണ്ടെത്തിയ വിദ്യ പുറത്തായി. കെ.എസ്.യു നേതാവ് അന്‍സില്‍ ജലീലിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുകൊണ്ടാണ് സി.പി.എം നാണം മറയ്ക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ കെ.എസ്.യു നേതാവ് പൊലീസില്‍ പരാതി നല്‍കിയിരിക്കെ, കെ.എസ്.യുവിനെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് സി.പി.എം സഖാക്കള്‍. ഏതോ പിടിവള്ളി കിട്ടിയ തരത്തിലാണ് സൈബര്‍ സഖാക്കള്‍ കെ.എസ്.യു നേതാവിന്റെ സര്‍ട്ടിഫിക്കറ്റ് പ്രചരിപ്പിക്കുന്നത്. ഇതൊരു കാപ്‌സ്യൂളാണെന്ന് മനസ്സിലാക്കിയ വിദ്യാര്‍ത്ഥികള്‍ ഇതില്‍ വിശ്വസിച്ചിട്ടുമില്ല.
എസ്.എഫ്.ഐ നേതാവായിരുന്ന കെ.വിദ്യയാണ് മഹാരാജാസ് കോളജിന്‍രെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കി കോളജില്‍ ജോലിക്ക് കയറിയതെങ്കില്‍ ബിരുദം പാസാകാതെ കായംകുളം എം.എസ്.എം കോളജില്‍ ശുപാര്‍ശ ചെയ്ത് പിജി സീറ്റില്‍ പഠിക്കുകയാണ് നിഖില്‍ എന്ന എസ്.എഫ്.ഐ ഏരിയാസെക്രട്ടറി ചെയ്തത്. ഇയാളെയും വിദ്യയെയും ഇനിയും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയുമ്പോള്‍ കെ.എസ്.യു നേതാവിനെ വ്യാജസര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ അറസ്റ്റിന് മുതിരുകയാണ് പൊലീസ്. സിന്‍ഡിക്കേറ്റ് അംഗമായ ബാബുജാനാണ് ശുപാര്‍ശ നടത്തിയതെന്ന് കോളജ് മാനേജര്‍ ഹിലാല്‍ ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ നടപടിയെടുക്കാതെ നിഖിലിനെ സംഘടനയില്‍നിന്ന് പുറത്താക്കി തടിരക്ഷപ്പെടുത്തിയിരിക്കുകയാണ് സി.പി.എമ്മും എസ്.എഫ്.ഐയും. നിഖില്‍ തോമസ് എവിടെയാണെന്ന് പൊലീസിന് അറിയില്ലത്രെ. പൊലീസ് പാര്‍ട്ടിക്കാരെ മറികടന്ന് അറസ്റ്റ് നടത്തുന്നില്ലെന്നതാണ് വാസ്തവം.
കെ.പി.സിസി. അധ്യക്ഷന്‍ സുധാകരനെതിരെയും പൊലീസ് നിരപരാധിത്വം വെളിപ്പെടുത്തിയിട്ടും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പോക്‌സോ കേസിലെ പ്രതിയാക്കി ചിത്രീകരിക്കുകയായിരുന്നു. തനിക്ക് പറ്റിയ തെറ്റിന് മറ്റുള്ളവരുടെ മേല്‍ പഴിചാരി രക്ഷപ്പെടുന്ന രീതി മുമ്പ് ടി.പി കേസിലും മുസ്‌ലിം തീവ്രവാദികളില്‍ പഴിചാരി രക്ഷപ്പെടാന്‍ പിണറായി വിജയന്‍ നടത്തിയ നീക്കത്തിലുണ്ടായിരുന്നു. പൊലീസ് പക്ഷേ സത്യസന്ധമായി അന്വേഷണം നടത്തി അത് പൊളിച്ചടുക്കുകയായിരുന്നു. കെ.എസ്.യു നേതാവിനെതിരായ നീക്കത്തിലും പിണറായിയുടെ അതേ അടവാണ് സി.പി.എം പ്രയോഗിച്ചിരിക്കുന്നത്. അതിനിടെ ആലപ്പുഴ സി.പി.എമ്മിലെ ഗ്രൂപ്പിസം തടയാന്‍ ചിലര്‍ക്കെതിരെ നടപടിയെടുത്തതും കണ്ണില്‍ പൊടിയിടാനാണെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.

Chandrika Web: