കാലിക്കറ്റ് സര്‍വകലാശാല കലോത്സവത്തിന്റെ പേരില്‍ എസ്.എഫ്.ഐ വലിയ രീതിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി. സി സോണ്‍ കലോത്സവത്തിന്റെ പേരില്‍ വലിയ തട്ടിപ്പാണ് നടക്കുന്നത്. എസ്.എഫ്.ഐ ജില്ല സമ്മേളനത്തിന് കലോത്സവം ഉപയോഗപ്പെടുത്തി പണപ്പിരിവ് നടത്തുകയാണ്. പ്രവേശന സമയത്ത് വിദ്യാര്‍ഥികളില്‍ നിന്ന് ശേഖരിച്ച 1.18 കോടി രൂപ യൂനിയന്റെ കൈവശമുണ്ട്. ഇതിന് പുറമെയാണ് പിരിവ് നടത്തുന്നത്. മുന്‍കാലങ്ങളിലില്ലാത്ത രീതിയില്‍ രജിസ്‌ട്രേഷന്‍ ഫീസ് എന്ന പേരില്‍ 1000 രൂപ ഓരോ കോളേജില്‍ നിന്ന് പിരിക്കുന്നു.
കലോത്സവത്തിന്റെ എന്‍ട്രികള്‍ അയക്കാനായി നല്‍കിയ മെയില്‍ ഐ.ഡിയോടൊപ്പം ആദ്യം നല്‍കിയ ഫോണ്‍ നമ്പര്‍ എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുടേതാണ്. ഈ നമ്പറില്‍ നിന്ന് ഫോണില്‍ വിളിച്ചാണ് 1000 രൂപ നല്‍കാന്‍ ആവശ്യപ്പെടുന്നത്. എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗമായ പി.വി ഗോപികയുടെ ഗൂഗിള്‍ പേയിലേക്കാണ് പണം അയക്കുന്നത്. എന്നിട്ട് വ്യാജ രശീതാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. സര്‍വകലാശാല പുറത്തിറക്കിയ നോട്ടീസില്‍ പ്രോഗ്രാം കണ്‍വീനര്‍ സജാദാണ്. എന്നാല്‍ പ്രോഗ്രാം കണ്‍വീനര്‍ എന്ന പേരില്‍ രശീതില്‍ ഒപ്പിട്ട് നല്‍കുന്നത് ഗോപികയാണ്. ഇത്തരത്തില്‍ പണം പിരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് സര്‍വകലാശാല ഡീന്‍ പറയുന്നത്. കൂടാതെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഭീമമായ തുക കലോത്സവ നടത്തിപ്പ് എന്ന പേരില്‍ എസ്.എഫ്.ഐ ആവശ്യപ്പെടുന്നുണ്ട്. ഈ പണം അവരുടെ ജില്ല സമ്മേളനത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും എം.എസ്.എഫ് ആരോപിച്ചു. തട്ടിപ്പിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു.