കണ്ണൂരിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് മടങ്ങും വഴി മട്ടന്നൂരിൽ വച്ചാണ് ഗവർണർക്ക് നേരെ പ്രതിഷേധമുണ്ടായത്. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഗവർണർ എസ്എഫ്ഐ പ്രവർത്തകരെ വെല്ലുവിളിച്ചു. എസ്എഫ്ഐക്കാർ എവിടെ പ്രതിഷേധിച്ചാലും പുറത്തിറങ്ങുമെന്നും ആരിഫ് മുഹമ്മദ് ഖാൻ.
സംഘർഷ സാധ്യത കണക്കിലെടുത്ത് മട്ടന്നൂർ നഗരത്തിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ഗവർണർ എത്തും മുൻപേ പ്രതിഷേധം തുടങ്ങുകയും കരിങ്കൊടിയുമായി റോഡിന്റെ വശത്ത് പ്രവർത്തകർ തടിച്ചുകൂടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസവും ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി കാണിച്ചിരുന്നു. മട്ടന്നൂരിൽ വിമാനമിറങ്ങി വയനാട്ടിലേയ്ക്ക് തിരിച്ച ഗവർണർക്കെതിരെയാണ് എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്. നിങ്ങൾ എവിടെയെല്ലാം പ്രതിഷേധിച്ചാലും അവിടെയെല്ലാം താൻ പുറത്തിറങ്ങുമെന്ന് ഗവർണർ എസ്എഫ്ഐകാരോട് പറഞ്ഞു. സിആർപിഎഫും പൊലീസും ചേർന്ന് ഗവർണറെ വലയം ചെയ്ത് വാഹനത്തിലേക്ക് തിരികെ കയറ്റി.