X

കണ്ണൂര്‍ വനിതാ കോളജില്‍ എസ്.എഫ്.ഐ കാടത്തം; യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥിയെ മുറിയില്‍ പൂട്ടിയിട്ട് പത്രിക പിന്‍വലിപ്പിച്ചു

കണ്ണൂര്‍: കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് -കെ.എസ്.യു മുന്നണിക്ക് വേണ്ടി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് നേരെ എസ്.എഫ്.ഐ കാടത്തം. യൂണിയന്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചു. കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണ മേനോന്‍ ഗവ. വനിതാ കോളജില്‍ എം.എസ്.എഫ് കെ.എസ്.യു പ്രതിനിധിയായി മത്സരിക്കുന്ന യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥി കെ.ടി ചാന്ദ്‌നിയുടെ പത്രികയാണ് എസ്.എഫ്.ഐ സംഘം പിന്‍വലിപ്പിച്ചത്.

ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ചാന്ദ്‌നി പത്രിക നല്‍കിയത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിനാല്‍ നേരത്തെയും ഭീഷണിയുണ്ടായിരുന്നു. വനിതാ കോളജില്‍ എം.എസ്.എഫ് -കെ.എസ്.യു സഖ്യത്തിന് ലഭിച്ച് കൊണ്ടിരിക്കുന്ന പിന്തുണയും ജയ സാധ്യതയുമാണ് എസ്.എഫ്.ഐ അതിക്രമത്തിന് കാരണം.

2014ല്‍ എം.എസ്.എഫ് നേതൃത്വം നല്‍കുന്ന സഖ്യമാണ് യൂണിയന്‍ ഭരണം പിടിച്ചെടുത്തത്. തുടര്‍ വര്‍ഷങ്ങളില്‍ എം.എസ്.എഫ് കെ.എസ്.യു സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും ആക്രമിച്ചും ഭീഷണിപ്പെടുത്തിയുമാണ് എസ്.എഫ്.ഐ ജയിച്ച് കയറിയത്. പുറമെ നിന്നുള്ളവരുടെ സഹായത്തോടെയാണ് അക്രമം.

എസ്.എഫ്.ഐക്കെതിരെ മത്സരിക്കുന്നവരെ താമസ സ്ഥലത്തെത്തി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമാണ് കണ്ണൂരിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും നില നില്‍ക്കുന്നത്.നേരത്തെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പത്രിക നല്‍കാന്‍ പോലും അനുവദിക്കാത്ത സാഹചര്യം വനിതാ കോളജില്‍ ഉണ്ടായിരുന്നു. എന്നലെ മുക്കാല്‍ മണിക്കൂര്‍ നേരമാണ് യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥിയെ യൂണിയന്‍ മുറിയില്‍ പൂട്ടിയിട്ടത്. പത്രിക പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്ന ചാന്ദ്‌നിയുടെ ബല പ്രയോഗത്തിലൂടെയാണ് പത്രിക പിന്‍വലിച്ചതെന്നും പറയുന്നു.

chandrika: