X

വിദ്യാര്‍ത്ഥിയെ കുത്തിയത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റെന്ന് എഫ്.ഐ.ആര്‍; വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തെന്ന് എഫ്‌ഐആര്‍. യൂണിറ്റ് സെക്രട്ടറി നസീമിന്റെ കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രതികള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ പൊലീസിന് മൊഴി നല്‍കി.

എന്നാല്‍ പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ഉയര്‍ന്നുവരുന്ന ആക്ഷേപം. കുത്തേറ്റ അഖില്‍ ചന്ദ്രന്റെ മൊഴി എടുത്ത ശേഷം ഒളിവിലുള്ള പ്രതികളെ പിടികൂടുമെന്നാണ് കന്റോന്‍മെന്റ് പൊലീസ് പറയുന്നത്. സംഭവത്തില്‍ എഐഎസ്എഫ് ഉള്‍പ്പെടെയുള്ള മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരും.

അതേസമയം, വിദ്യാര്‍ഥിയെ കുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ഏഴ് പ്രതികളാണ് ഒളിവിലുളളതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി പൊലീസ് പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തി. ഇവിടെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുവീടുകളിും പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഇവര്‍ കീഴടങ്ങാന്‍ ഇടയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അടക്കമുളളവരാണ് ഒളിവിലുളളത്.

മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനാണ് ഇന്നലെ കുത്തേറ്റത്. അഖിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം കാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും ഇന്ന് അനുരഞ്ജന ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടെ സംഘര്‍ഷമുണ്ടാവുകയും അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു. എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയും കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് ആരോപണം.

chandrika: