തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥിക്കു നേരെ എസ്എഫ്‌ഐ ആക്രമണത്തില്‍ ഒരാഴ്ചയ്ക്ക് ശേഷം അന്വേഷണം. ആക്രമണം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഉന്നതവിദ്യാഭ്യസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥിയുടെ മൊഴി നേരിട്ട് ശേഖരിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
ഡിസംബര്‍ രണ്ടാം തീയതിയാണ് ഭിന്നശേഷിക്കാരനായ മുഹമ്മദ് അനസിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. യൂണിയന്‍ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു പരാതി. സംഘടനാ പ്രവര്‍ത്തനം നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
തന്റെ സുഹൃത്തുക്കളെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും അനസ് പരാതിയില്‍ പറയുന്നു. അനസിനെ യൂണിറ്റ് നേതാക്കള്‍ കൊടികെട്ടാനും മറ്റു ജോലികള്‍ക്കും നിയോഗിക്കുമായിരുന്നു. എന്നാല്‍ ശാരീരിക പ്രശ്‌നങ്ങള്‍ മൂലം ഇതിന് കഴിയില്ലെന്ന് അറിയിച്ചതോടെ യൂണിയന്‍ മുറിയില്‍ കൊണ്ടുപോയി ആക്രമിച്ചുവെന്നാണ് പരാതി.