തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിനകത്ത് വെച്ച് കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി. ആസ്പത്രിയിലെത്തിയാണ് പൊലീസ് അഖിലിന്റെ മൊഴി രേഖപ്പെടുത്തിയത്. നസീം പിടിച്ചുവെച്ചു, ശിവരഞ്ജിത്ത് കുത്തി. ക്യാമ്പസിലിരുന്ന് പാട്ട് പാടിയതാണ് പെട്ടെന്നുണ്ടായ പ്രകോപനമെന്നാണ് യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖില്‍ പൊലീസിന് മൊഴി നല്‍കിയത്.
അച്ഛനോടും ഡോക്ടറോടും പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് അഖില്‍ പൊലീസിനോടും പറഞ്ഞിട്ടുള്ളത്. എസ്.എഫ്.ഐയുടെ ധിക്കാരം അംഗീകരിക്കാത്തിലുള്ള വിരോധമാണെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു. വധശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖില്‍ എല്ലാ കാര്യങ്ങളിലും വളരെ വ്യക്തമായ മൊഴിയാണ് നല്‍കിയിട്ടുള്ളതെന്നും ഇതനുസരിച്ച് കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് അഖില്‍ നിര്‍ണ്ണായക മൊഴി നല്‍കിയതോടെ തെളിവെടുപ്പും കൂടുതല്‍ ചോദ്യം ചെയ്യലും അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.
അതേസമയം യൂണിവേഴ്‌സിറ്റി കോളജില്‍ പുതിയ പ്രിന്‍സിപ്പലായി ഡോ.സി.സി.ബാബുവിനെ നിയമിച്ചു. നിലവില്‍ തൃശൂര്‍ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പലാണ് ഡോ. സി.സി.ബാബു. താല്‍ക്കാലിക പ്രിന്‍സിപ്പലായിരുന്ന കെ.വിശ്വംഭരനെ സ്ഥലം മാറ്റി. സര്‍ക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ് സ്ഥലംമാറ്റത്തെ കുറിച്ചുള്ള വിശദീകരണം. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളജില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പ്രിന്‍സിപ്പില്‍ എസ്.എഫ്.ഐയുടെ കളിപ്പാവയാണെന്നായിരുന്നു വിമര്‍ശനം. ഇതിനുപിന്നാലെയാണ് സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. സംസ്ഥാനത്തെ ആറ് ഗവ. കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും മാറ്റമുണ്ട്.
ഇതിനിടെ സംഘര്‍ഷത്തെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജില്‍ പിരിച്ചുവിട്ട എസ്.എഫ്.ഐ കമ്മിറ്റിക്ക് പകരമായ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. സംഘര്‍ഷത്തിനിടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖില്‍ ഉള്‍പെടെ 25 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.