X

എ.ഐ.എസ്.എഫ് സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയെന്ന് എസ്.എഫ്.ഐ

തിരുവനന്തപുരം: ലോ അക്കാദമി സമരം അവസാനിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പോര് അവസാനിക്കുന്നില്ല. ലോ അക്കാദമി സമരത്തിന്റെ പേരില്‍ സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എഫ്.ഐ കഴിഞ്ഞ ദിവസം രംഗത്തുവന്നു.

എ.ഐ.എസ്.എഫ് സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയായി മാറുകയാണെന്നും എ.ഐ.എസ്എഫുമായി ഇനിയും സഖ്യമുണ്ടാക്കുന്നത് ആത്മഹത്യാപരമാണെന്നും കുറ്റപ്പെടുത്തുന്ന പ്രമേയം എസ്.എഫ്.ഐ തിരുവനന്തപുരം ചാല ഏരിയാ സമ്മേളനത്തില്‍ പാസാക്കി. സമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ ഭാരവാഹികളുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു കാനം രാജേന്ദ്രനെയും എ.ഐ.എസ്.എഫിനെയും നിശിതമായി വിമര്‍ശിക്കുന്ന പ്രമേയം പാസാക്കിയത്.

സംഘപരിവാര്‍ സംഘടനകളിലേക്ക് ഒരു വിദ്യാര്‍ഥി സംഘടന കൂടിയെന്ന തലക്കെട്ടിലാണ് പ്രമേയം ആരംഭിക്കുന്നത്. ചുവപ്പിനും നീലയ്ക്കും ഇത്രവേഗം കാവിയാവാന്‍ കഴിയുമെന്ന കാര്യം തങ്ങള്‍ ഗൗരവമായി കാണുന്നു. ഇരുകൈകളിലും പറ്റിയാല്‍ കടിച്ചുപിടിച്ചിരിക്കുന്ന രീതിയിലും ആളിന്റെ എണ്ണത്തിന്റെ മൂന്നിരട്ടി കൊടികളുമായി തങ്ങളുടെ പ്രകടനത്തിന്റെ അരികുപറ്റി വിദ്യാര്‍ഥി ഐക്യം വിളിച്ച് ചാനലുകാരെ നോക്കി കണ്ണിറുക്കിക്കാണിച്ച് മുമ്പിലേക്ക് കുതിക്കുന്ന സ്ഥിരം ഏര്‍പ്പാടിന് ഇനി എസ്.എഫ്.ഐ ഉണ്ടാകില്ല.

കാനത്തിന്റെ രാക്കൂട്ടിന് തിരിതെളിയിച്ച് കൊടുക്കലല്ല, ആശയവും പ്രതികരണശേഷിയുള്ള ഒരു വിദ്യാര്‍ഥി സംഘടന ചെയ്യേണ്ടത്. തിരുവനന്തപുരം ജില്ലയിലെ ഒരുകൈവിരലുകളുടെ പകുതി എണ്ണംപോലുമില്ലാത്ത കലാലയങ്ങള്‍ക്ക് അകത്തിരുന്ന് കണ്ണുകാട്ടി കോക്രികാട്ടി ചിരിച്ച് കേരള യൂണിവേഴ്‌സിറ്റി സെനറ്ററാവാന്‍ വെമ്പല്‍കൊള്ളുന്ന പതിവ് എ.ഐ.എസ്.എഫ് മറന്നുകൊള്ളണമെന്നും പ്രമേയം പരിഹസിക്കുന്നു. ചുവപ്പും നീലയും കൂട്ടിചേര്‍ന്നാല്‍ കാവിയായി മാറുമെന്ന് കിനാവ് കാണുന്ന എ.ഐ.എസ്.എഫ്, ഇടതുപക്ഷമെന്ന വാക്ക് ഒഴിവാക്കി, മോഡിപക്ഷത്തേക്ക് പോകണം.

ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളുടെ അര്‍ഥമെന്തെന്ന് സ്വയം തിരിച്ചറിയാന്‍ കേരളത്തിലെ എ.ഐ.എസ്.എഫ് തയ്യാറാവണമെന്ന ഉപദേശത്തോടെയാണ് പ്രമേയം അവസാനിക്കുന്നത്. ലോ അക്കാദമി പ്രിന്‍സിപ്പാളിന്റെ രാജി ആവശ്യപ്പെട്ട് എ.ബി.വി.പി, കെ.എസ്.യു, എം.എസ്.എഫ് ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി സംഘടനകളുമായി യോജിച്ച് എ.ഐ.എസ്.എഫ് സമരംചെയ്ത പശ്ചാത്തലമാണ് എസ്.എഫ്.ഐയെ ഇത്തരമൊരു പ്രമേയം കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്. പൂജപ്പുര ലോക്കല്‍ കമ്മിറ്റിയാണ് പ്രമേയം കൊണ്ടുവന്നത്.

പ്രതിനിധ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിന്റമേല്‍ മുക്കാല്‍ മണിക്കൂറോളം ചര്‍ച്ച നടന്നു. ലോ അക്കാദമി സമരത്തില്‍ നിന്ന് പാതിവഴിയില്‍ എസ്.എഫ്.ഐ പിന്‍വാങ്ങിയപ്പോള്‍ മറ്റ് വിദ്യാര്‍ഥി സംഘടനകളോടൊപ്പം എ.ഐ.എസ്.എഫ് അവസാനംവരെ സമരരംഗത്ത് തുടര്‍ന്നതാണ്് എസ്.എഫ്.ഐയെ പ്രകോപിപ്പിച്ചത്.

chandrika: