X

കൊട്ടാരക്കര എസ്.ജി കോളേജില്‍ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരിക്ക്

കൊട്ടാരക്കര എസ്.ജി കോളേജില്‍ എസ്.എഫ്.ഐ -എ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ. ചൊവ്വാഴ്ച കൊട്ടാരക്കരയില്‍ ബഹുജന മാര്‍ച്ചും യോഗവും നടത്തും. എ.ഐ.എസ്.എഫ്. മണ്ഡലം സെക്രട്ടറി ബി.എസ്.അശ്വന്ത്, യൂണിറ്റ് ഭാരവാഹികളായ സ്വാതി, നവനീത് എന്നിവര്‍ക്കും എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം ആദിത്യന്‍, യൂണിറ്റ് ഭാരവാഹി ജോയല്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി എ.ഐ.എസ്.എഫ്. നടത്തിയ ഗെയിം കാമ്പെയിന്റെ ഇടയിലായിരുന്നു അക്രമം. പരിപാടി തടഞ്ഞ എസ്.എഫ്.ഐ. സംഘം പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ ആക്രമിക്കുകയായിരുന്നെന്ന് എ.ഐ.എസ്.എഫ്. ആരോപിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷം ചട്ടങ്ങള്‍ ലംഘിച്ചു നടത്തിയ പ്രചാരണത്തെ ചോദ്യംചെയ്ത തങ്ങളെ മര്‍ദിക്കുകയായിരുന്നെന്നാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പറയുന്നത്.

മുന്നണിമര്യാദകള്‍ പാലിക്കാതെ ഇതര വിദ്യാര്‍ഥി സംഘടനകള്‍ക്കു പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന എസ്.എഫ്.ഐ.യുടെ രീതി അനുവദിക്കാന്‍ കഴിയില്ലെന്നു സി.പി.ഐ. നേതൃത്വം തുറന്നടിച്ചു. മണ്ഡലത്തിലെ എല്‍.ഡി.എഫ്. വിജയം സി.പി.എമ്മിന്റെ മാത്രം മിടുക്കാണെന്ന തെറ്റായ ധാരണയാണ് എസ്.എഫ്.ഐ.യെ കയറൂരിവിടുന്നതിനു കാരണമെന്ന് സി.പി.ഐ. മണ്ഡലം സെക്രട്ടറി എ.എസ്.ഷാജി, എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി ജോബിന്‍ ജേക്കബ്, മണ്ഡലം സെക്രട്ടറി അനുരാജ് എന്നിവര്‍ പറഞ്ഞു.

അതേസമയം എസ്.ജി.കോളേജിലെ അക്രമത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കൊട്ടാരക്കര മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ പഠിപ്പു മുടക്കുമെന്ന് എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി ജോബിന്‍ ജേക്കബ് അറിയിച്ചു.

webdesk13: