അശ്‌റഫ് തൂണേരി
ദോഹ: അവതരാകന്‍ മുന്‍ ഫുട്‌ബോള്‍ താരം കൂടിയായ ഗാരി ലിനേക്കറും സംഘവും നിര്‍മ്മിത വാര്‍ത്തകളുമായി കിണഞ്ഞുശ്രമിച്ചിട്ടും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബി.ബി.സി) സ്‌പോര്‍ട് ഓണ്‍ലൈന്‍ വായനക്കാര്‍ ഖത്തറിനൊപ്പം. 2002 മുതല്‍ 2022 വരെ നടന്ന ലോകകപ്പുകളെ അവലോകനം ചെയ്ത് ആഗോളാടിസ്ഥാനത്തില്‍ ഫുട്‌ബോള്‍ ആരാധകരില്‍ ബി.ബി.സി നടത്തിയ സര്‍വ്വേ ഫലത്തില്‍ 78 ശതമാനം വോട്ട് നേടിയാണ് ഖത്തര്‍ ഒന്നാമതെത്തിയത്. 2002ല്‍ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി ഏഷ്യയിലാദ്യമായി നടന്ന ലോകകപ്പാണ് പിന്നില്‍. പക്ഷെ വെറും ആറ് ശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 5 ശതമാനമാണ് 2014ലെ ബ്രസീല്‍ ലോകകപ്പിന് ലഭിച്ചത്. തുല്യമായ 4 ശതമാനം പിന്തുണയുമായി ജര്‍മ്മനി 2006 ലോകകപ്പും 2018 റഷ്യന്‍ ലോകകപ്പും സര്‍വ്വേയില്‍ കാണാം. ദക്ഷണാഫ്രിക്കയിലെ 2010 ലോകകപ്പിന് 3 ശതമാനം മാത്രമേ ലഭിച്ചുള്ളൂ.
ഡിസംബര്‍ 24ന് ബിബിസി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത് സര്‍വ്വേയുടെ ആമുഖത്തില്‍ തന്നെ വിവാദ 2022 ലോകകപ്പ് എന്നാണ് തുടക്കം. താഴെ പറയുന്ന ലോകകപ്പുകളില്‍ നൂറു വര്‍ഷത്തെ മികച്ച ലോകകപ്പ് ഏതെന്ന് തെരെഞ്ഞെടുക്കാന്‍ ബിബിസി സ്‌പോര്‍ട് ശ്രമിക്കുന്നുവെന്ന് വിശദീകരിച്ച് 2002 മുതലുള്ള ലോകകപ്പിലെ വിശദവിവരങ്ങള്‍ ഓരോ ലോകകപ്പിലേയും കായികപരമായ പ്രത്യേകതകളിലൂന്നി വിശദീകരിക്കുമ്പോള്‍ ഖത്തറിലെത്തുമ്പോള്‍ ബോധപൂര്‍വ്വം ഗതിമാറ്റുന്നു. തൊഴിലാളികളുടെ മരണം, സ്വവര്‍ഗ്ഗാനുരാഗ അവകാശങ്ങള്‍, ശീതകാല ലോകകപ്പ് തുടങ്ങിയ വിവാദങ്ങളാല്‍ തുടക്കമായ ഖത്തര്‍ ലോകകപ്പ് എന്നാണ് വിശദീകരണം. പിന്നീട് ഏറ്റവും മികച്ച ഫൈനലായി മാറിയ എന്നും പാരഗ്രാഫിന്റെ ഒടുക്കം കാണാം. വായനക്കാരെ വഴിതെറ്റിക്കാന്‍ ശ്രമിച്ചിട്ടും ഫലം അനുകൂലമായില്ല.
ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് ലൈവായി കാണിക്കുന്നതില്‍ വിട്ടുനിന്ന അവതാരകന്‍ ഗാരിലിനേക്കര്‍ ആ സമയത്ത് ഖത്തറിനെതിരേയുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനു പുറമെ സമാപന ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ബിഷ്ത് നല്‍കിയത് അപമാനകരമാണെന്നു വരെ പറഞ്ഞുവെച്ചിരുന്നു. പല തരത്തിലുള്ള നെഗറ്റീവ് വാര്‍ത്തകളും നിരന്തരംനല്‍കിയ ശേഷമാണ് നെഗറ്റീവ് ആമുഖത്തോടെ സര്‍വ്വേയുമായി പ്രത്യക്ഷപ്പെട്ടത്. പക്ഷെ അതിലും ഖത്തര്‍ ഒന്നാം സ്ഥാനം നേടുകയായിരുന്നു.