കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ശനിയാഴ്ച രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പ്രവേശിച്ചു. 107 ദിവസം കൊണ്ട് ഏകദേശം 3000 കിലോമീറ്റര്‍ യാത്ര പൂര്‍ത്തിയാക്കിയാണ് തലസ്ഥാന നഗരിയില്‍ എത്തിച്ചേര്‍ത്തിരിക്കുന്നത്. ഇനി 548 കിലോമീറ്റര്‍ യാത്ര മാത്രമാണ് ലക്ഷ്യത്തിലെത്താന്‍ അവശേഷിക്കുന്നത്. ഹരിയാന അതിര്‍ത്തിയായ ബദര്‍പുരില്‍ നിന്നാണ് ഡല്‍ഹിയിലേക്ക് യാത്രക്ക് തുടക്കമായത്. യാത്ര വൈകുന്നേരം ചെങ്കോട്ടക്ക് സമീപം സമാപിക്കും.
ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ക്ഷണം അയച്ചു.
സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങളും യാത്രയില്‍ പങ്കെടുക്കും. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി, ആര്‍എല്‍ഡി മേധാവി ജയന്ത് ചൗധരി, സുഭാഷ്പ മേധാവി ഓം പ്രകാശ് രാജ്ഭര്‍, ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്, മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവര്‍ക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.