ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇരകളായ കുട്ടികള്‍ക്ക് നഷ്ടപരിഹാരത്തിനുള്ള പദ്ധതി കേരളത്തില്‍ ഇല്ലെന്നു കണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ പുതിയ ഉത്തരവ്. ഇതിനുവേണ്ടി നിലവിലെ നഷ്ടപരിഹാര പദ്ധതിയില്‍ ഭേദഗതി വരുത്തുകയൊ അല്ലെങ്കില്‍ പുതിയ പദ്ധതിക്കു രൂപം നല്‍കുകയോ ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.
ലൈംഗിക അതിക്രമത്തിന് ഇരയായ 2 കുട്ടികള്‍ക്കു അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ആലപ്പുഴ പോക്‌സോ കോടതി ഉത്തരവിട്ടതിന് എതിരെ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹര്‍ജി നല്‍കിയിരുന്നു. അത് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ആലപ്പുഴ പോക്‌സോ കോടതിയുടെ ഉത്തരവില്‍ തെറ്റില്ലെന്നും വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ 2017ല്‍ രൂപം നല്‍കിയിരുന്നു. പിന്നീട് 2021ല്‍ ഭേദഗതി വരുത്തി. ഇതുപ്രകാരം അക്രമത്തിന് ഇരയാകുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ പോക്‌സോ കേസിലെ ഇരകള്‍ക്ക് നഷ്ടപരിഹാരത്തിനു വ്യവസ്ഥ ഇല്ലായിരുന്നു.
ഭേദഗതി വരുത്തിയിട്ടും ഇരകളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നഷ്ടപരിഹാരം ബാധകമാക്കിയിട്ടില്ലെന്നു വിലയിരുത്തിയാണു കോടതി നിര്‍ദേശം. അതുവരെ പോക്‌സോ കേസിലെ ഇരകള്‍ക്ക് നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പദ്ധതിപ്രകാരം നഷ്ടപരിഹാരം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി.