X

കുട്ടിക്ക് മുന്നിൽ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ന​ഗ്നത പ്രദർശിപ്പിക്കുന്നതും കുറ്റകരം; പോക്സോ ചുമത്താമെന്ന് ഹൈക്കോടതി

കുട്ടികളുടെ മുന്നിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നശരീരം പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. കുട്ടികൾക്ക് മുന്നിൽ‌ ന​ഗ്നത പ്രദർശിപ്പിക്കുന്നത് പോക്സോ വകുപ്പുകൾ അനുസരിച്ച് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. പോക്സോ, ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തി തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി സമർപ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ ബദറുദീന്റെ ഉത്തരവ്.

ലോഡ്ജിൽ വച്ച് വാതിൽ അടയ്ക്കാതെ കുട്ടിയുടെ മാതാവുമായി പ്രതി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. വാതിൽ തുറന്ന് അകത്തേക്കു വന്ന കുട്ടി രംഗം കാണുകയും പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഇയാൾ കുട്ടിയെ മർദിച്ചു എന്നാണ് കേസ്.

ഒരാൾ കുട്ടിക്കു മുന്നിൽ തന്റെ നഗ്നശരീരം കാണിക്കുന്നത് ആ കുട്ടിയോടു ചെയ്യുന്ന ലൈംഗികാതിക്രമം ആണെന്നു കോടതി നിരീക്ഷിച്ചു. ഇവിടെ ഹർജിക്കാരൻ നഗ്നനാവുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. വാതിൽ പൂട്ടാതിരുന്നതു കൊണ്ട് കുട്ടി അകത്തേക്ക് വരികയും അവിടെ നടന്ന കാര്യങ്ങൾ കാണുകയും ചെയ്തു. അതുകൊണ്ടു തന്നെ പോക്സോ നിയമത്തിലെ പല വകുപ്പുകളും ഇതിൽ നിലനിൽക്കും.

കുട്ടിയെ തല്ലിയതിനാൽ ഐപിസി അനുസരിച്ചുള്ള വകുപ്പുകളും കേസിൽ നിലനിൽക്കും. പ്രതി പോക്സോ, ഐപിസി അനുസരിച്ചുള്ള വകുപ്പുകളില്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. ജുവനൈൽ ജസ്റ്റിസ് നിയമം, പൊതുസ്ഥലങ്ങളിൽ അശ്ലീലം സംസാരിച്ചു തുടങ്ങിയ കുറ്റങ്ങളിൽ ചുമത്തിയിരുന്ന വകുപ്പുകൾ കോടതി റദ്ദാക്കി.

webdesk13: