കൊച്ചി: നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അധിക്ഷേപ പരാമര്‍ശങ്ങളില്‍ കുറ്റബോധമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. ബോബി ചെമ്മണ്ണൂര്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.
ബോബി ചെമ്മണ്ണൂര്‍ നടത്തിയ പരാമര്‍ശങ്ങളുടെ വീഡിയോ ഉള്‍പ്പെടുത്തികൊണ്ടായിരുന്നു വിശദമായ ചോദ്യംചെയ്യല്‍. എന്നാല്‍ നടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയിട്ടില്ലെന്നായിരുന്നു ബോബി പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ കുറ്റബോധമില്ലെന്നാണ് ബോബി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനിലായിരുന്നു ബോബി ചെമ്മണ്ണൂര്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നതിനാല്‍ സ്‌റ്റേഷനില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നില്ല. ബോബിയെ ഇന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും. നടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ഇത് പരിശോധിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ കൂടി ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തുന്നതിനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.