സുഹൃത്തുക്കളുടെ ലൈംഗീക പീഡനത്തെതുടര്‍ന്ന് ഡല്‍ഹിയില്‍ 10 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ന്യൂസീലാംപൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ലോക്‌നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിക്കെ മരിച്ചത്. പ്രതികളെല്ലാം സമപ്രായക്കാരും ഒരാള്‍ ബന്ധുവുമാണെന്ന് പൊലീസ് പറഞ്ഞു.
2012 ഡിസംബര്‍ 16ന് ഡല്‍ഹിയിലുണ്ടായ നിര്‍ഭയ സംഭവത്തില്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നതിന് സമാനമായ ക്രൂര പീഡനമാണ് ഇന്നലെ മരിച്ച 10 വയസ്സുകാരനും നേരിടേണ്ടി വന്നതെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലൈംഗിക പീഡനത്തിനൊപ്പം കടുത്ത ശാരീരിക പീഡനവും നേരിടേണ്ടി വന്നു. സ്വകാര്യ ഭാഗങ്ങള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞാണ് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ ആരോഗ്യനില വഷളായ സാഹചര്യത്തിലായിരുന്നു.
എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കള്‍ കൃത്യമായി പറഞ്ഞിരുന്നില്ല. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരോടും വിവരങ്ങള്‍ പങ്കുവെക്കാന്‍ കുടുംബം തയ്യാറായില്ല.
തുടര്‍ന്ന് പ്രത്യേക കൗണ്‍സലിങ് ഏര്‍പ്പെടുത്തിയതോടെയാണ് കുട്ടിയുടെ മാതാവ് വിവരങ്ങള്‍ പുറത്തു പറയാന്‍ തയ്യാറായതെന്ന് പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെ കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷനും പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
കുട്ടിയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തി ല്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ പ്രകൃതി വിരുദ്ധ പീഡനം, പൊതുലക്ഷ്യത്തോടെ കുറ്റകൃത്യത്തിനായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ ബന്ധു അടക്കം പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാമത്തെയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.