ദമസ്‌കസ്: ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെയും പേരില്‍ സഹാമെത്തിക്കുന്ന പുരുഷന്മാര്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് വെളിപ്പെടുത്തല്‍. ലൈംഗികമായി വഴങ്ങാത്ത സ്ത്രീകള്‍ക്ക് സഹായം നിഷേധിക്കപ്പെട്ടതായും ബി.ബി.സി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മൂന്നു വര്‍ഷം മുമ്പ് തന്നെ സിറിയയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗികാരോപണമുയര്‍ന്നിരുന്നു.
രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ ഇപ്പോഴും അത് തുടരുന്നുണ്ടെന്നാണ് ബി.ബി.സി പറയുന്നത്. അത്തരം ചൂഷണങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് യു.എന്‍ ഏജന്‍സികളും സന്നദ്ധത സംഘടനകളും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സിറിയയില്‍ അവരുടെ ഏജന്റുമാരാണ് സ്ത്രീകളെ പീഡിപ്പിക്കുന്നത്. ലൈംഗിക പീഡനം ഭയന്ന് പല സിറിയന്‍ സ്ത്രീകളും സഹായ വിതരണ കേന്ദ്രങ്ങളിലേക്ക് പോകാറില്ല. ശരീരം കാഴ്ചവെച്ചാണ് തങ്ങള്‍ വീടുകളിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റു കൊണ്ടുവരുന്നതെന്ന് ആളുകള്‍ സംശയിക്കുമെന്ന ഭീതിയാണ് അവരെ പിന്തിരിപ്പിക്കുന്നത്. സിറിയയിലെ ഏജന്റുമാര്‍ നടത്തുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും പല അന്താരാഷ്ട്ര ഏജന്‍സികളും കണ്ണടക്കുകയാണ് പതിവ്. കാരണം അന്താരാഷ്ട്ര പ്രവര്‍ത്തകര്‍ക്ക് പ്രവേശനം ലഭിക്കുന്നതില്ലെന്നതുകൊണ്ട് സിറിയയിലെ ചില അപകടകരമായ മേഖലകളിലേക്ക് സഹായമെതിക്കാന്‍ ഏജന്റുമാരെയാണ് ആശ്രയിക്കുന്നത്. സിറിയയിലെ നിരവധി പ്രവിശ്യകളില്‍ സഹായത്തിന്റെ മറവില്‍ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് യു.എന്‍ പോപ്പുലേഷന്‍ ഫണ്ടും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിനുവേണ്ടി ഉദ്യോഗസ്ഥരുമായി സ്ത്രീകള്‍ താല്‍ക്കാലിക വിവാഹത്തിനുപോലും നിര്‍ബന്ധിക്കപ്പെടുന്നു. അന്താരാഷ്ട്ര ഏജന്‍സികള്‍ എത്തിക്കുന്ന അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫോണ്‍ നമ്പറുകളാണ് ചോദിക്കുന്നത്. വീടുകളില്‍ നേരിട്ട് എത്തിക്കുന്നതിന് ശരീരം കാഴ്ചവെക്കാനും ഒരു രാത്രി തങ്ങളോടൊപ്പം കഴിയാനും സ്ത്രീകളെ നിര്‍ബന്ധിക്കുന്ന ഏജന്റുമാരും നിരവധിയുണ്ടെന്ന് പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാരുടെ സംരക്ഷണമില്ലാത്ത വിധവകളും വിവാഹമോചിതരുമാണ് ഏറെയും ചൂഷണം ചെയ്യപ്പെടുന്നത്. മാര്‍ച്ച് 2015ല്‍ ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍നിന്നാണ് ഇത്തരം ആരോപണങ്ങള്‍ കേട്ടുതുടങ്ങിയതെന്ന് ഒരു അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ ഉപദേശകയായ ഡാനിയേല സ്‌പെന്‍സര്‍ പറയുന്നു. സന്നദ്ധ പ്രവര്‍ത്തകരില്‍നിന്നുണ്ടായ കയ്‌പേറിയ അനുഭവം ചില സ്ത്രീകള്‍ തന്നോട്ട് നേരിട്ട് പറഞ്ഞതായും അവര്‍ വെളിപ്പെടുത്തി.