ട്രെയിനില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ അഗളി സി.ഐക്കെതിരെ കേസ്. അഗളി എസ്.എച്ച്.ഒ കെ. അബ്ദുല്‍ ഹക്കീമിനെതിരെയാണ് കരുനാഗപ്പള്ളി സ്വദേശിനിയുടെ പരാതിയില്‍ എറണാകുളം റെയില്‍വേ പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച പാലരുവി എക്സ്പ്രസിലാണ് സംഭവം. സീറ്റ് ലഭിക്കാത്തതിനാല്‍ യുവതിയുടെ അടുത്ത് ചെന്നിരുന്ന ഇയാള്‍ അവരെ കടന്നുപിടിച്ചുവെന്നാണ് ആരോപണം. യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ എത്തി ഇയാളെ തടയുകയായിരുന്നു.
എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഇയാള്‍ അവിടെനിന്ന് രക്ഷപ്പെട്ടങ്കിലും യുവതി എറണാകുളം റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. റെയില്‍വേ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഇയാളുടെ ഫോട്ടോ യാത്രക്കാര്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹക്കീമിനെ പ്രതിചേര്‍ക്കുകയായിരുന്നു.