X

ലൈംഗികാതിക്രമ കേസ്; പ്രജ്വല്‍ രേവണ്ണയെ സസ്പെന്‍ഡ് ചെയ്ത് ജെ.ഡി.എസ്

ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ജെ.ഡി.എസ് എം.പിയും ഹാസന്‍ ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.

സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചിരുന്നു.  ഈ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനനുസരിച്ചായിരിക്കും സസ്‌പെന്‍ഷന്‍ കാലാവധിയെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

പ്രജ്വലിന്റെ പിതാവും ജെ.ഡി.എസ് എം.എല്‍.എയുമായ എച്ച്.ഡി.രേവണ്ണയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്താണ് ഹാസനില്‍ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വിഡിയോ പ്രചരിച്ചത്. വിഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീ വനിത കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ബി.കെ.സിങ്ങിനാണ് അന്വേഷണ ചുമതല. രണ്ട് വനിത ഇന്‍സ്‌പെകടര്‍മാരും അന്വേഷണസംഘത്തിലുണ്ട്. ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന പെന്‍ഡ്രൈവുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘം ശേഖരിക്കുമെന്നും പരമേശ്വര പറഞ്ഞു.

ജെ.ഡി.എസ് എം.പിയും എച്ച്.ഡി ദേവഗൗഡയുടെ പേരമകനുമായ പ്രജ്വല്‍ രേവണ്ണയുടെ നിരവധി അശ്ലീല വിഡിയോകള്‍ ഹാസന്‍ ജില്ലയില്‍ പ്രചരിച്ചിരുന്നു. 2,976 വിഡിയോകള്‍ ഇത്തരത്തില്‍ പ്രചരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഡിയോകളില്‍ ഭൂരിപക്ഷവും ചിത്രീകരിച്ചിരിക്കുന്നത് മൊബൈലിലാണ്. രേവണ്ണയുടെ വീട്ടിലെ സ്റ്റോര്‍ റൂമില്‍ വെച്ചാണ് വിഡിയോകള്‍ ചിത്രീകരിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, സഖ്യ കക്ഷിയായ ജെ.ഡി.എസിലെ ലൈംഗിക വിവാദം ബി.ജെ.പിക്ക് കടുത്ത തിരിച്ചടിയായിട്ടുണ്ട്. കര്‍ണാടകയില്‍ ബി.ജെ.പി പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം വിവാദങ്ങള്‍ മുന്നണിക്ക് ക്ഷീണമാകുമെന്നാണ് വിലയിരുത്തുന്നത്.

webdesk13: