തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ജയിലിലായിരുന്ന കോവളം എംഎല്‍എ എം. വിന്‍സന്റിനു കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. 34 ദിവസത്തെ റിമാന്‍ഡിനു ശേഷമാണ് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധിയോടെയാണ് ജാമ്യം.
പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്നും വാദിയെ സ്വാധീനിക്കരുതെന്നും ഭീഷണിപ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിന്‍സെന്റ് ജയിലിനുളളില്‍ ആയിട്ട് ഒരു മാസത്തിലേറെയായി. ജൂലൈ 22നാണ് അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. 2016 സെപ്തംബര്‍ 10 ന് രാത്രി എട്ടുമണിക്കും നവംബര്‍ 11 ന് രാവിലെ 11 മണിക്കും വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയെ ആറാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും വിന്‍സന്റിനെതിരെ അവരുടെ ഭര്‍ത്താവു പൊലീസിനു പരാതി നല്‍കിയതുമാണ് കേസിന്റെ തുടക്കം. ബോധം തിരിച്ചുകിട്ടിയ വീട്ടമ്മയുടെ മൊഴി രണ്ടാം ദിവസം മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. വിന്‍സന്റ് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു മൊഴി.
സംഭവം വിവാദമായതോടെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വീട്ടമ്മയില്‍ നിന്നു മൊഴിയെടുത്ത സംഘം പിന്നാലെ വിന്‍സന്റിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.