X

പത്തേക്കര്‍ ഭൂമിയും മഠവും നല്‍കാം; ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കാന്‍ രൂപതയുടെ വിലപേശല്‍

ലൈംഗിക പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ ജലന്ധര്‍ രൂപതയുടെ വിലപേശല്‍. ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രിയെ പിന്തുണയ്ക്കുന്ന മറ്റൊരു കന്യാസ്ത്രീയെ സ്വാധീനിച്ച് കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താനുളള ശ്രമമാണ് ജലന്ധര്‍ രൂപത നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രൂപത ഒത്തുത്തീര്‍പ്പിനായി ശ്രമിക്കുന്നവെന്നതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്നതോടയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥം നിന്ന സി.എം.ഐ സഭയ്ക്ക് കീഴിലുളള മോനിപ്പളളി കുര്യനാട് ആശ്രമത്തിലെ ഫാദര്‍ ജെയിംസ് എര്‍ത്തയിലും കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ അനുപമയുമായുളള ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കാന്‍ സഹായിച്ചാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്ന് ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ കന്യാസ്ത്രിയ്ക്ക് വാഗ്ദാനം നല്‍കുന്ന ഫോണ്‍സംഭാഷണമാണ് പുറത്തായത്.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ പിന്തുണച്ച കന്യാസ്ത്രീയ്ക്കാണ് ഈ ഫോണ്‍വിളിയെത്തിയത്. കാഞ്ഞിരപ്പളളിയിലോ റാന്നിയിലോ വീടും വസ്തുവും വാങ്ങിത്തരാന്‍ രൂപത ഒരുക്കമാണ്. ആവശ്യപ്പെടുന്ന സ്ഥലത്ത് മഠം നിര്‍മ്മിച്ചു നല്‍കാമെന്നും കന്യാസ്ത്രീയുമായുളള ഫോണ്‍ സംഭാഷണത്തില്‍ ജെയിംസ് എര്‍ത്തയില്‍ വാഗ്ദാനം ചെയ്യുന്നു.

ബിഷപ്പിനെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ സന്നദ്ധത അറിയിച്ചാല്‍ രൂപത എന്തും ചെയ്യാന്‍ തയ്യാറാണെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കന്യാസ്ത്രീ ഇയാള്‍ക്ക് മറുപടി നല്‍കുന്നുണ്ട്.

chandrika: