സി. കെ റഹ്മത്തുള്ള
മദിരാശിയിലെ രാജാജി ഹാളില്‍ വെച്ച് ഖാഇദെ മില്ലത്ത് രൂപം നല്‍കിയ മഹിതമായ പ്രസ്ഥാനത്തിന്, ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗിന് 2022 മാര്‍ച്ച് 10ന് എഴുപത്തിനാലാം പിറന്നാള്‍. പേരില്‍ മാറ്റം വരുത്താതെ, കൊടിയുടെ നിറം മാറ്റാതെ, ചിഹ്നം മാറ്റാതെ, ആശയാദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കാതെ, നിലപാടുകളില്‍ നിന്ന് പിന്തിരിഞ്ഞോടാതെ തലയെടുപ്പോടെ അഭിമാനപൂര്‍വ്വം നിവര്‍ന്നു നില്‍ക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് കഴിഞ്ഞു എന്നതാണ് ഏഴര പതിറ്റാണ്ടുകാലത്തെ ഈ ഹരിതസംഘശക്തിയുടെ ചരിത്രമെന്നത്.
ഖാഇദെ മില്ലത്തിന്റെ ദര്‍ശനങ്ങള്‍ ഇടനെഞ്ചോട് ചേര്‍ത്തുവെക്കാന്‍ കോഴിക്കോട്ട് നിന്നും അരിക്കച്ചവടക്കാരനായ ബാഫഖി തങ്ങളെത്തി. പുതിയ മാളിയേക്കല്‍ സയ്യിദ് കുടുംബത്തില്‍ നിന്ന് പൂക്കോയ തങ്ങളും അണി ചേര്‍ന്നു. കെ.എം സീതി സാഹിബും തോളുരുമ്മി നിന്നപ്പോള്‍ കേരളത്തിന്റെ മണ്ണ് മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന് വേരോട്ടമുള്ള ഭൂമികയായി മാറി. ഇവര്‍ക്കു പിന്നിലായി അക്ഷരാഭ്യാസമില്ലാത്ത ഏറനാട്ടിലെയും, വള്ളുവനാട്ടിലെയും വിശിഷ്യാ മലബാറിലെയും കാക്ക കാരണവന്മാരും, കോഴിക്കോട്ടെകോയമാരും കള്ളി കയ്‌ലി മുണ്ടുടുത്ത്, അരപ്പട്ടയും കെട്ടി, തലേക്കെട്ടുമായി ഈ ഹരിത പതാക വാനിലുയര്‍ത്തി ബഹു ജോറായി നടന്നു നീങ്ങി.
മുന്നില്‍ നിന്ന് നയിക്കുന്നവരിലുള്ള അചഞ്ചലമായ വിശ്വാസവും, അവര്‍ നീട്ടി വിളിച്ച മുദ്രാവാക്യങ്ങളും, തക്ബീര്‍ ധ്വനികളുമായിരുന്നു ഈ സമുദായത്തെ ഇവര്‍ക്കു പിന്നില്‍ അണിനിരക്കാന്‍ പ്രചോദനം നല്‍കിയത്. ഇവരുടെ പിന്നില്‍ അണിനിരന്ന ചെറുസംഘങ്ങള്‍ പതിയെ പതിയെ വലിയ വലിയ ആള്‍ക്കൂട്ടമായി, ജനസഞ്ചയമായി നാളിതുവരെ പരന്നൊഴുകുകയായി.
അക്ഷരാഭ്യാസമില്ലാത്തവരുടെ കയ്യില്‍ പെന്‍സിലും, സ്ലേറ്റും നല്‍കിയ ഇവരെ ഇന്ന് കമ്പ്യൂട്ടറിന്റെ മൗസ് പിടിക്കാന്‍ പാകപ്പെടുത്തിയെടുത്തു. പഠനത്തില്‍ നിന്നും മാറി നിന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. അനാഥ, അഗതി വിദ്യാര്‍ത്ഥി കളുടെ സംരക്ഷണത്തിനായി നാടുനീളെ യതീംഖാനകള്‍ ഉയര്‍ന്നു വന്നു. അക്ഷരാഭ്യാസമുള്ള ഒരു തലമുറക്കായി ആയിരക്കണക്കിന് വിദ്യാഭ്യാസ സമുച്ചയങ്ങള്‍ പിറവി കൊണ്ടു. നിരവധി സര്‍വകലാശാലകളും പ്രൊഫഷണല്‍ കോളജുകളും ജന്മം കൊണ്ടു. ആരാന്റെ വിറകുവെട്ടികളും, വെള്ളം കോരികളുമായി അത: പതിച്ച ന്യൂനപക്ഷ പിന്നോക്കഅധസ്ഥിത വിഭാഗത്തിന്റെ ആശാ കേന്ദ്രവും, അത്താണിയുമായി ലീഗ് പരിലസിച്ചു.
പഞ്ചായത്തു മെമ്പര്‍ പോലുമാകാന്‍ കഴിയില്ലെന്ന് പരിഹസിച്ചവര്‍ക്കു മുമ്പില്‍ രാജ്യത്തിന്റെ ഭരണ തലപ്പത്ത് വരെ കഴിവുറ്റ പ്രതിഭാശാലിക ളായ ജനപ്രതിനിധികളെ വാര്‍ത്തെടുത്തു. ഗ്രാമ, നഗര, ജില്ലാ, സംസ്ഥാന ഭരണകൂടങ്ങളില്‍ മെമ്പര്‍മാരും, പഞ്ചായത്ത്, മുനിസിപ്പല്‍, ജില്ല പഞ്ചായത്ത് അധ്യക്ഷന്മാരും, മന്ത്രിമാരും, എം.എല്‍.എമാരും, എം.പിമാരും, കേന്ദ്രമന്ത്രിമാരും, മുഖ്യമന്ത്രി പദവിയും, സ്പീക്കര്‍ പദവിയും ലീഗിനെത്തേടിയെത്തി. ഇവരിലൂടെ നാടിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വഴി തുറന്നു.
നാനാജാതി മതസ്ഥര്‍ക്കും കാരുണ്യത്തിന്റെ ഹസ്തം നീട്ടി താങ്ങും, തണലുമായി നിന്നു. വീടില്ലാത്തവര്‍ക്ക് ബൈത്തുറഹ്മയും, രോഗികള്‍ക്ക് ആശ്രയമായി സി.എച്ച് സെന്ററും, കുടിവെള്ളത്തിനായി ആയിരം കിണര്‍ പദ്ധതിയും, നിരവധി പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും മംഗല്യ സ്വപ്‌നങ്ങള്‍ പൂവണിയിച്ച് നല്‍കിയും, ദശലക്ഷക്കണക്കിന് രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളും നടത്തി താങ്ങും, തണലുമായി എപ്പോഴും കൂടെ നിന്നു.
വിദ്യാഭ്യാസവും, കഴിവുമുള്ള അനേകായിരം വിദ്യാസമ്പന്നരെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉന്നതമായ പദവികളില്‍ നിയമിച്ചു. വിവിധ ഭാഷകളില്‍ നൈപുണ്യമുള്ളവരെ അധ്യാപകരായി നിയമിച്ചു. അറബി, ഉറുദു ഭാഷയുടെ സംരക്ഷണത്തിനു വേണ്ടി 3 വിലപ്പെട്ട ജീവനുകള്‍ നല്‍കേണ്ടിയും വന്നു. എഴുപത്തിനാലാണ്ട് പിന്നിടുന്ന ഈ പ്രസ്ഥാനം അസൂയാവര്‍ ഹമായ വളര്‍ച്ച കൈവരിച്ച് കൊച്ചു മലയാളക്കരയില്‍ വളര്‍ന്ന് പന്തലിച്ച്, തണല്‍ വിരിച്ച് വടവൃക്ഷമായി തലയുയര്‍ത്തി നില്‍ക്കുന്നു. അഭിമാനിക്കാം നമുക്ക് ഈ പ്രസ്ഥാനത്തെ ഓര്‍ത്ത്.