X
    Categories: MoreViews

ഏഴ് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ജ. കര്‍ണന്‍

കൊല്‍ക്കത്ത: ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ ഉള്‍പ്പെടെ ഏഴ് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ജസ്റ്റിസ് കര്‍ണനും പരമോന്നത നീതിപീഠവും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീണ്ടും രൂക്ഷമാകുന്നുവെന്ന സൂചന നല്‍കുന്നതാണ് ഉത്തരവ്.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ള കോടതിയലക്ഷ്യ കേസില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാര്‍ ഹാജരായില്ലെന്ന് കാണിച്ചാണ് ജസ്റ്റിസ് കര്‍ണന്റെ വിവാദ ഉത്തരവ്. ഉത്തരവിന്റെ പ്രസക്ത ഭാഗം ഇങ്ങനെ.
”ഇന്ന് മുകളില്‍ പറയുന്ന ഒന്ന് മുതല്‍ എട്ടു വരെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ ഇവര്‍ക്കെതിരായ കേസ് 1.05-2017ന് തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റിവെക്കുന്നു. അന്ന് ഇവര്‍ കോടതിയില്‍ ഹാജരാകണം. ഇതോടൊപ്പം ഇവര്‍ക്കെതിരായ കേസുകളില്‍ തീര്‍പ്പുണ്ടാകും വരെ ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് വിദേശയാത്ര അനുവദിക്കരുതെന്ന് ന്യൂഡല്‍ഹിയിലുള്ള എയര്‍ കണ്‍ട്രോള്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കുന്നു. ഇവര്‍ക്കെതിരായ കുറ്റകൃത്യം ഗൗരവമുള്ളതാണ്. ജാതിവിവേചനം കേവലം ഹീനമായ കുറ്റകൃത്യം മാത്രമല്ല, ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ശിക്ഷ ലഭിക്കാവുന്ന അതീവ ഗുരുതരമായ അതിക്രമവും കുറ്റകൃത്യവുമാണ്.” ജഡ്ജിമാര്‍ക്കെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ച ജസ്റ്റിസ് കര്‍ണന്റെ നടപടിയാണ് ജുഡീഷ്യറിയിലെ ഏറ്റുമുട്ടലിന് വഴിയൊരുക്കിയത്. ജസ്റ്റിസ് കര്‍ണനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
തനിക്കെതിരായ നടപടിക്കു പിന്നില്‍ ജാതി വിവേചനമാണെന്ന് ആരോപിച്ച് ജസ്റ്റിസ് കര്‍ണന്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ ജസ്റ്റിസ് കര്‍ണനെതിരെ നിലനില്‍ക്കുന്ന കോടതിയലക്ഷ്യ കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിമാര്‍ക്കാണ് ജസ്റ്റിസ് കര്‍ണന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

chandrika: