X
    Categories: CultureMoreNewsViews

ബന്ധുനിയമനം: മന്ത്രി കെ.ടി ജലീലിനോട് ഏഴ് ചോദ്യങ്ങള്‍

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണത്തിന് വിശദീകരണം നല്‍കി കുരുക്കില്‍പ്പെട്ടിരിക്കുകയാണ് മന്ത്രി കെ.ടി ജലീല്‍. ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ വിശദീകരണവുമായി വന്ന മന്ത്രി യഥാര്‍ഥത്തില്‍ ആരോപണം ശരിയെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ്. ഉടനീളം അബദ്ധങ്ങളാണ് ഈ കുറിപ്പിലുള്ളത്. ഈ വിശദീകരണത്തോടു കൂടി ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ മന്ത്രി കൂടുതല്‍ വിയര്‍ക്കേണ്ടി വരും. മന്ത്രിയുടെ വിശദീകരണമനുസരിച്ച് താഴെ പറയുന്ന ചോദ്യങ്ങള്‍ക്കു കൂടി മറുപടി കിട്ടേണ്ടതുണ്ട്.

1. ഏഴു പേരാണ് അപേക്ഷ നല്‍കിയത്. ഇന്റര്‍വ്യൂവിന് എത്തിയത് മൂന്നു പേര്‍. അവരെ യോഗ്യതയില്ലാത്തതുകൊണ്ട് ഒഴിവാക്കി. നിശ്ചിത യോഗ്യതയില്ലാത്തവരെ പിന്നെ എന്തിനു ഇന്റര്‍വ്യൂവിന് വിളിച്ചു?

2. ഇന്റര്‍വ്യൂ സമയത്ത് എത്താത്ത ബന്ധുവിനെ വീട്ടില്‍ പോയി ക്ഷണിക്കാനുള്ള മാനദണ്ഡമെന്താണ്? കേരളത്തില്‍ ഈ യോഗ്യതയുള്ള മറ്റാരുമില്ലേ?

3. ബന്ധുവിന് ഈ ജോലിയില്‍ താല്‍പര്യമുണ്ടായിരുന്നില്ല എന്നു മന്ത്രി പറയുന്നു. താല്‍പര്യമില്ലാത്ത ഒരാള്‍ എന്തിനാണ് ഈ പോസ്റ്റിലേക്ക് അപേക്ഷ നല്‍കിയത്?

4. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സീനിയര്‍ മാനേജര്‍ എന്നത് വലിയ പോസ്റ്റും കോര്‍പ്പറേഷന്‍ ജി.എം എന്നത് ചെറിയ പോസ്റ്റും ആകുന്നതെങ്ങനെ? ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതു കേട്ടാല്‍ ചിരിക്കില്ലേ?.

5. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒരു സ്വകാര്യ ബാങ്കാണ്. ഇവിടെനിന്ന് സര്‍ക്കാര്‍ വകുപ്പിലേക്ക് ഡെപ്യൂട്ടേഷന്‍ ലഭിക്കില്ല. ഇതേപ്പറ്റി സാമാന്യ ബോധമില്ലാതെയാണോ ഡെപ്യൂട്ടേഷനില്‍ കൊണ്ടുവന്നു ജി.എമ്മാക്കി എന്ന മന്ത്രിയുടെ വിശദീകരണം?

6. ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരാളെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാനാണ് കോര്‍പ്പറേഷന്‍ പരസ്യം നല്‍കിയത്. ഡെപ്യൂട്ടേഷന്‍ കിട്ടാത്ത ഒരു സ്ഥാപനത്തില്‍നിന്ന് നിയമനം നടത്തുന്നത് ഏതു മാനദണ്ഡം ഉപയോഗിച്ചാണ്?

7. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് അവധിക്കാണോ എന്‍.ഒ.സി ലഭിച്ചത്? അങ്ങനെയാണെങ്കില്‍ അവധി സമയത്ത് മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതെങ്ങനെ?

ചന്ദ്രിക വെബ് ഡെസ്‌ക്‌: