മലപ്പുറം: കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് തീര്‍ത്ഥാടന യാത്ര പോയവരില്‍ ഏഴുപേര്‍ യാത്രാ ഏജന്‍സിയെ കബളിപ്പിച്ച് മുങ്ങിയതോടെ ബാക്കിയുള്ള 31 പേര്‍ കുടുങ്ങിക്കിടക്കുന്നതായി യാത്രക്ക് നേതൃത്വം നല്‍കിയ ഗ്രീന്‍ ഒയാസിസ് ട്രാവല്‍സ് ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം സ്വദേശികളായ നസീര്‍ അബ്ദുല്‍ റബ് (പാസ്‌പോര്‍ട്ട്: പി 0423152), ഷാജഹാന്‍ അബ്ദുല്‍ ഷുക്കൂര്‍ (പാസ്‌പോര്‍ട്ട്: 78958076), ഹക്കീം അബ്ദുല്‍ റബ് (പാസ്‌പോര്‍ട്ട്: എക്‌സ്9587172), ഷാജഹാന്‍ കിതര്‍ മുഹമ്മദ് (പാസ്‌പോര്‍ട്ട്: 70573977), കൊല്ലം സ്വദേശികളായ ബീഗം ഫാന്റസിയ (പാസ്‌പോര്‍ട്ട്: എം 1581066), നവാസ് സുലൈമാന്‍ കുഞ്ഞ് (പാസ്‌പോര്‍ട്ട്: യു5100212), നവാസിന്റെ ഭാര്യ ബിന്‍സി ബദറുദ്ദീന്‍ (പാസ്‌പോര്‍ട്ട്: എക്‌സ് 7200198) എന്നിവരെയാണ് കാണാതായത്. ഇവരെ ഹാജരാക്കിയെങ്കില്‍ മാത്രമേ ബാക്കി 12 സ്ത്രീകളും ഒരു കുഞ്ഞുമടക്കം 31 പേരെ നാട്ടിലേക്കയക്കൂവെന്നാണ് ഇസ്രാഈല്‍ ടൂര്‍ കമ്പനി പറയുന്നതെന്നും ഇവര്‍ വ്യക്തമാക്കി. കാണാതായ ഏഴ് പേരുടേതുള്‍പ്പെടെ 11 യാത്രക്കാരുടെയും പണം അടച്ചത് സുലൈമാന്‍ (സോളമന്‍) എന്ന പേരിലുള്ളയാളാണ്. ഇയാള്‍ക്ക് അനധികൃത കുടിയേറ്റക്കാരെ റിക്രൂട്ട് ചെയ്യുന്ന ഇസ്രായേലിലെ ചില നിയമവിരുദ്ധ ഏജന്റുമാരുമായി ബന്ധമുണ്ടെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ചു ആസൂത്രിതമായി ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉടമകള്‍ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി, ഡി.ജി.പി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ മാസം 25 ന് പുറപ്പെട്ട യാത്രയില്‍ 47 പേരാണ് ഉണ്ടായിരുന്നത്.
ഇതില്‍ ട്രാവല്‍സ് ജീവനക്കാരന്‍ മുഹമ്മദ് അമീര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് അവസാനഘട്ടത്തില്‍ ഇസ്രായേല്‍ വിസ നിഷേധിച്ചു. ശേഷിക്കുന്ന 38 പേരാണ് ഇസ്രായേലിലേക്ക് പുറപ്പെട്ടത്. ഇവരില്‍ ഏഴ് പേരെ ജറുസലേമിലുള്ള മസ്ജിദ് അല്‍ അഖ്‌സയില്‍ നിന്നാണ് കാണാതായത്. വിസ നിരസിച്ചവരില്‍ സുലൈമാന്‍ ബുക്ക് ചെയ്തിരുന്ന അഞ്ച് പേരെ അവര്‍ ആവശ്യപ്പെട്ടത് പ്രകാരം ഇന്നലെ തിരിച്ചെത്തിക്കുകയും ചെയ്തു. ശേഷിച്ച നാല് പേര്‍ ജോര്‍ദാനിലെ അഖബ വഴി സമുദ്രമാര്‍ഗം ഇന്നലെ രാവിലെ ഈജിപ്തില്‍ പ്രവേശിക്കുകയും ചെയ്തു. കാണാതായിരിക്കുന്ന ഏഴ് പേരുടെയും പാസ്‌പോര്‍ട്ട് ഗ്രൂപ്പ് ലീഡറുടെ കൈവശമാണുള്ളത്. ജോലി സാധ്യത മുന്നില്‍ കണ്ട് ആസൂത്രിതമായി ചെയ്തതായിരിക്കാമെന്നും ഇവരുടെ നടപടി കാരണം ശേഷിക്കുന്ന 34 യാത്രികരെ ഇസ്രായേല്‍ ടൂര്‍ കമ്പനി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും അവരുടെ താമസം, ഭക്ഷണം, സൈറ്റ്‌സീയിങ് ടൂറുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവ നിര്‍ത്തിവെക്കുകയും ചെയ്തിരിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കാണാതായ ആളുകളെ കണ്ടെത്തിക്കൊടുക്കുകയോ അല്ലെങ്കില്‍ ഒരാള്‍ക്ക് 15000 അമേരിക്കന്‍ ഡോളര്‍ എന്ന തോതില്‍ പിഴയടക്കുകയോ വേണമെന്നാണ് ആവശ്യപ്പെടുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ട്രാവല്‍സ് ഉടമകള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഇര്‍ഫാന്‍ നൗഫല്‍, ജലീല്‍ മങ്കരത്തൊടി, മൂസ മുരിങ്ങേക്കല്‍ പങ്കെടുത്തു.