X
    Categories: indiaNews

ബിഹാറില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ഏഴു പേര്‍ മരിച്ചു; 35 ലേറെ പേര്‍ക്ക് പരിക്ക്

ബിഹാറിലെ ജഹാനാബാദ് ജില്ലയിലെ മഖ്ദുംപൂരിലെ ബാബ സിദ്ധനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേര്‍ മരിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒന്‍പത് പേര്‍ക്കും അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 35ലേറെ പേര്‍ക്കും പരിക്കേറ്റതായാണ് വിവരങ്ങള്‍. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ജഹാനാബാദ് ജില്ല മജിസ്ട്രേറ്റ് അലങ്കൃത പാണ്ഡെ തിങ്കളാഴ്ച രാവിലെ എ.എന്‍.ഐയോട് പറഞ്ഞു.

പ്രത്യേകപൂജ നടക്കുന്ന ദിവസമായതിനാല്‍ പെട്ടെന്ന് ക്ഷേത്രത്തില്‍ തിരക്ക് വര്‍ദ്ധിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ജഹാനാബാദ് ജില്ലയിലെ മഖ്ദംപൂര്‍ ബ്ലോക്കിലെ വാനവര്‍ ഹില്‍ പ്രദേശത്താണ് അപകടമുണ്ടായ ബാബ സിദ്ധനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ജില്ല മജിസ്ട്രേറ്റ് അറിയിച്ചു. ശ്രാവണ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ച ആയതിനാലാണ് ക്ഷേത്രത്തില്‍ നിയന്ത്രിക്കാന്‍ പറ്റാത്ത തിരക്കുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ബാബസിദ്ധനാഥ് ക്ഷേത്രം ഒരു ശിവക്ഷേത്രമായാണ് അറിയപ്പെടുന്നത്. ബിഹാറിലെ ചരിത്രപ്രാധാന്യമുള്ള ബരാബര്‍ മലനിരകളിലെ ഏറ്റവും ഉയരംകൂടിയ കുന്നിന്‍ മുകളിലാണ് ഈ ക്ഷേത്രം നിലനില്‍ക്കുന്നത്. എ.ഡി. ഏഴാം നൂറ്റാണ്ടില്‍ ഗുപ്തരുടെ കാലത്ത് പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം ജഹാനാബാദില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ്.

webdesk13: