X
    Categories: CultureMoreViews

ഏഴ് എം.എല്‍.എമാര്‍ കൂടി കോണ്‍ഗ്രസില്‍; കര്‍ണാടകയില്‍ പിടിവള്ളിയില്ലാതെ ബി.ജെ.പി

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാല്‍ക്കലെത്തി നില്‍ക്കെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ജെ.ഡി.എസിന്റെ ഏഴ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് അംഗത്വം സ്വീകരിച്ച് ഇന്ന് ഇവര്‍ കോണ്‍ഗ്രസില്‍ അംഗങ്ങളാവും. കഴിഞ്ഞ ദിവസം ഇവര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചിരുന്നു. 23ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതോടെയാണ് ഇവര്‍ ജെ.ഡി.എസ് നേതൃത്വവുമായി ഇടഞ്ഞത്.

സമീര്‍ അഹമ്മദ് ഖാന്‍, ചാലുവരയ്യ സ്വാമി, ഇഖ്ബാല്‍ അന്‍സാരി, ബാലകൃഷ്ണ, രമേശ് ബന്ദിസിദ്ധിഗൗഡ, ഭീമ നായക്, അഖന്ദ ശ്രീനിവാസ് മൂര്‍ത്തി എന്നിവരാണ് കൂറുമാറി കോണ്‍ഗ്രസിലെത്തിയത്. ബെംഗളൂരുവില്‍ നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇവര്‍ക്ക് ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം നല്‍കും. ഇവരോടൊപ്പം ജെ.ഡി.എസിന്റെ നിയമസഭാ കൗണ്‍സില്‍ അംഗങ്ങളായിരുന്ന എം.സി നനൈഹ്, സരോവര്‍ ശ്രീനിവാസ്, രാമകൃഷ്ണ എന്നിവരും കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുന്നുണ്ട്.

കോണ്‍ഗ്രസ് അടിക്കടി ശക്തിപ്പെടുമ്പോള്‍ കര്‍ണാടകയില്‍ പിടിവള്ളിയില്ലാതെ കഷ്ടപ്പെടുകയാണ് ബി.ജെ.പി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനപ്രീതിക്ക് മുന്നില്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ ഏല്‍ക്കുന്നില്ല. രാജ്യവ്യാപകമായി ബി.ജെ.പി പ്രയോഗിക്കുന്ന മോദി ഫാക്ടര്‍ കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ വ്യക്തിപ്രഭാവത്തിന് മുന്നില്‍ ഒന്നുമല്ലാതെ പോവുകയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: