ഒഡിഷയിലെ ബെര്‍ഹാംപുരില്‍ ബീഫ് പാചകം ചെയ്തുവെന്നാരോപിച്ച് 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ കോളജ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. പ്രശ്‌നമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കോളജ് പരിസരത്ത് വലിയ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
നിരോധിക്കപ്പെട്ട കാര്യങ്ങളിലേര്‍പ്പെട്ടതിനും ഹോസ്റ്റല്‍ വാസികളുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും 7 വിദ്യാര്‍ഥികളെ പുറത്താക്കുന്നുവെന്നാണ് സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീന്‍ അറിയിച്ചത്. എന്നാല്‍ എന്താണ് നിരോധിക്കപ്പെട്ട പ്രവര്‍ത്തനം എന്നതില്‍ ഔദ്യോഗിക വിശദീകരണം ഉണ്ടായില്ല. പുറത്താക്കപ്പെട്ട ഓരോ വിദ്യാര്‍ഥിയും 2000 രൂപ പിഴയടക്കാനും ഉത്തരവിട്ടിട്ടുണ്ട്.
സാധാരണ ഹോസ്റ്റലില്‍ ബീഫ് വിഭവങ്ങള്‍ ഉണ്ടാക്കാറില്ല. ബുധനാഴ്ച രാത്രി വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ ബീഫ് പാകം ചെയ്തിരുന്നു. തുടര്‍ന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഇക്കാര്യം ഡീനിനെ അറിയിച്ചു. ‘കോളജ് ഹോസ്റ്റലില്‍ വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവര്‍ താമസിക്കുന്നുണ്ട്. അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കേണ്ടത് പ്രധാനമാണ്. ഒരു വിഭാഗം കുട്ടികള്‍ ബീഫ് പാകം ചെയ്തത് കുറച്ചു വിദ്യാര്‍ഥികള്‍ക്ക് പ്രയാസമുണ്ടാക്കിയിരിക്കുന്നു. തുടര്‍ന്ന് ഹോസ്റ്റലിലെ അന്തരീക്ഷം സംഘര്‍ഷ സമാനമായിരിക്കുന്നു. ഈ സംഭവത്തില്‍ പങ്കാളികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.’-എന്നാണ് ഡീനിന് നല്‍കിയ പരാതിയിലുള്ളത്.
ബജ്‌റംഗ് ദള്‍ ആന്‍ഡ് വിശ്വ ഹിന്ദു പരിഷത്ത് അംഗങ്ങള്‍ കോളജ് സന്ദര്‍ശിക്കുകയും പ്രിന്‍സിപ്പലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ബീഫ് പാചകം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കോളജ് അധികൃതര്‍ അന്വേഷണം തുടങ്ങി.
യു.പിലെ അംറോഹയില്‍ ഉച്ചഭക്ഷണമായി ബിരിയാണി കൊണ്ടുവന്ന ഏഴു വയസുള്ള വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി വാര്‍ത്തകളുണ്ടായിരുന്നു. കുട്ടിയെ പുറത്താക്കിയത് ചോദ്യം ചെയ്ത മാതാവിനെ അപകീര്‍പ്പെടുത്തുന്ന രീതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംസാരിച്ചതായും പരാതിയുണ്ടായിരുന്നു. വിവാദമായതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അംറോഹ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കി.