X

സംഘര്‍ഷ ഭൂമിയായി ഉത്തരേന്ത്യ: ഏഴ് മരണം

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരെ ഇന്നലെ രാജ്യവ്യാപകമായി അരങ്ങേറിയ പ്രതിഷേധം കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത് കേന്ദ്ര സര്‍ക്കാറിനെ. ദുരുപയോഗം തടയാനെന്ന പേരില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കെതിരെ പുനഃപ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ദളിത് സംഘടനകളും ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ മുഖവിലക്കെടുത്തിരുന്നില്ല. മാര്‍ച്ച് 20നാണ് വിവാദ നിര്‍ദേശങ്ങള്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ചത്.

നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന വിലയിരുത്തലോടെയായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന നിയമ സുരക്ഷ ഇല്ലാതാക്കുന്നതാണ് സുൂപ്രീംകോടതി വിധിയെന്നും അതിനാല്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നുമായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ ആവശ്യം. രണ്ടാഴ്ചയായിട്ടും കേന്ദ്രം പുനഃപരിശോധനാ ഹര്‍ജി നല്‍കാതിരുന്നതോടെയാണ് ദളിത് സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ നേരിട്ടുള്ള പിന്തുണയില്ലാതെയാണ് ദളിത് സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ ആള്‍കൂട്ടം അക്രമാസക്തമായപ്പോള്‍ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ഒന്നുമില്ലായിരുന്നു. സംഘര്‍ഷ സാധ്യത സംബന്ധിച്ച മുന്നറിയിപ്പുണ്ടായിട്ടും സംസ്ഥാന സര്‍ക്കാറുകള്‍ ഇത് ഗൗരവത്തിലെടുക്കാതിരുന്നതും സ്ഥിതി വഷളാക്കി. ദളിത് സംഘടനയായ ഭീം ആര്‍മിയുടെ കൊടികളുമായാണ് ബിഹാറിലും യു.പിയിലും രാജസ്ഥാനിലും ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും പ്രതിഷേധക്കാരില്‍ ചിലര്‍ തെരുവില്‍ ഇറങ്ങിയത്. ബിഹാറില്‍ മാത്രം ഡസനിലധികം ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ വിവിധ സ്റ്റേഷനുകളില്‍ കുടുങ്ങി. പഞ്ചാബിലെ കപൂര്‍തലയില്‍ ജലന്ദര്‍-അമൃതസര്‍ ദേശീയ പാതയും ഹോഷിയാര്‍പൂരില്‍ പാണ്ഡ ബൈപാസും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. രാജസ്ഥാനിലെ ബാര്‍മറില്‍ പ്രതിഷേധക്കാര്‍ കടകള്‍ക്കും കാറുകള്‍ക്കും തീവെച്ചു.

ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ ശോഭാപൂരില്‍ പ്രതിഷേധക്കാര്‍ നൂറുകണക്കിന് കാറുകളും ബൈക്കുകളും അഗ്നിക്കിരയാക്കി. റാഞ്ചിയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആള്‍വാറില്‍ പ്രതിഷേധക്കാര്‍ക്കു നേരെ കടയുടമ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് കടയുടമയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് പ്രവര്‍ത്തകര്‍ ആള്‍വാര്‍ സര്‍ക്കാര്‍ ആസ്പത്രിക്കു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

മീററ്റിലെ ഹാപൂരില്‍ നൂറു കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ദേശീയ പാത 58ല്‍ പാര്‍ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഇവര്‍ അടിച്ചു തകര്‍ത്തു. മധ്യപ്രദേശിലെ മൊറീന, ബിന്ദ്, ഗ്വാളിയോര്‍ എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൊറീനയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് ഇവിടെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡസനിലധികം പേര്‍ക്ക് ഇവിടെ പരിക്കേറ്റു. രാജസ്ഥാനിലെ അജ്മീരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇതോടെ പ്രകോപിതരായ പ്രതിഷേധക്കാര്‍ കല്ലും വടിയുമായി പൊലീസിനെതിരെ തിരിച്ചടിച്ചു. രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഇവിടെ പരിക്കേറ്റു. ആള്‍വാറിലും ഖൈര്‍ത്താലിലും ട്രെയിനുകള്‍ തടഞ്ഞു.

ഗ്വാളിയോറില്‍ പ്രതിഷേധ പ്രകടനത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇവിടെ 18ലധികം പേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തില്‍ ജുനഗഡ് ജില്ലയിലെ വന്ദില്‍ മേഖലയില്‍ പ്രതിഷേധക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് അടിച്ചു തകര്‍ത്തു. സൗരാഷ്ട്ര മേഖലയിലെ ഭാവ്‌നഗര്‍, അംറേലി, ഗിര്‍ സോമനാഥ് ജില്ലകളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഝാര്‍ഖണ്ഡിലും കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യത്തിന് കേന്ദ്ര സേനയെ ലഭ്യമാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.

chandrika: